‘ജനാധിപത്യത്തിനെതിരായ ആക്രമണം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി’; മോദി സർക്കാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ പറഞ്ഞു.
കൊളംബിയയിലെ ഇ.ഐ.എ സർവകലാശാലയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുള്ള നാടാണ് ഇന്ത്യ. ഒരു ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും ഇടമുണ്ടാകും. എന്നാലിപ്പോൾ, ഈ ജനാധിപത്യ സംവിധാനം എല്ലാ ഭാഗങ്ങളിൽനിന്നും ആക്രമിക്കപ്പെടുകയാണ് -രാഹുൽ വിമർശിച്ചു. 140 കോടി ജനങ്ങളുമായി വലിയ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. ചൈനയിൽനിന്ന് തീർത്തും ഭിന്നമാണ് ഇന്ത്യയുടെ സംവിധാനം. ചൈന കേന്ദ്രീകൃതവും ഏകശിലാ സ്വഭാവമുള്ളതുമാണെങ്കിൽ ഇന്ത്യ വികേന്ദ്രീകൃതവും വിവിധ ഭാഷകൾ സംസാരിക്കുന്നതുമാണ്. കൂടുതൽ സങ്കീർണമാണ് ഇവിടത്തെ സംവിധാനം. 16-17 ഭാഷകളും വ്യത്യസ്ത മതങ്ങളുമുണ്ട്. ഈ പാരമ്പര്യങ്ങളെ വളരാൻ വിടുകയും എല്ലാവർക്കും അവസരം നൽകുകയും ചെയ്യുന്നത് ഇന്ത്യക്ക് പരമപ്രധാനമാണ്. ജനങ്ങളെ അടിച്ചമർത്തി ഏകാധിപത്യ ഭരണം നടപ്പാക്കുന്ന ചൈനീസ് മോഡൽ നമുക്കിവിടെ ചെയ്യാൻ പറ്റില്ല - അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജ മേഖലയിലെ മാറ്റങ്ങൾക്കൊപ്പമാണ് സാമ്രാജ്യങ്ങൾ വളരുന്നത്.
ആവി എൻജിനും കൽക്കരിയും നിയന്ത്രിച്ച് ബ്രിട്ടീഷുകാർ വൻ ശക്തികളായി. ഇന്ത്യയിൽ നാം അവരോട് പോരാടി സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാർക്കുശേഷം കൽക്കരിയിൽനിന്നും ആവിയിൽനിന്നും പെട്രോളിലേക്കുള്ള മാറ്റത്തിനൊപ്പമായിരുന്നു അമേരിക്കയുടെ ഉയർച്ച. ഇന്നിപ്പോൾ വൈദ്യുതി യന്ത്രങ്ങളിലേക്കുള്ള മാറ്റമാണ്. യു.എസും ചൈനയും തമ്മിലെ യഥാർഥ പോരാട്ടം ഈ മാറ്റം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ പേരിലാണ് -എൻജിനീയറിങ് വിദ്യാർഥികളോടായി രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുലിന്റെ വാക്കുകൾക്കെതിരെ ബി.ജെ.പി രംഗത്തെത്തി. വിദേശമണ്ണിൽ രാഹുൽ ഇന്ത്യയെ തരംതാഴ്ത്തിയെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ വിമർശിച്ചു. മുമ്പ് ലണ്ടനിൽ നമ്മുടെ ജനാധിപത്യത്തെ അപമാനിച്ച രാഹുൽ യു.എസിലെത്തി നമ്മുടെ സ്ഥാപനങ്ങളെ പരിഹസിക്കുകയാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

