Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള നീക്കം, 850 എന്നത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന സംഖ്യ’; മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റാൻ ഭരണകക്ഷിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണ്ഡല പുനർ നിർണയ നീക്കം ജനാധിപത്യത്തിന്‍റെ അടിത്തറ തകർക്കുന്നതാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ രൂക്ഷ വിമർശനമാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ നടത്തിയത്.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാനിരിക്കെ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള പരിശോധനകളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള പുതിയ തന്ത്രമാണ് മണ്ഡല പുനർനിർണയ നീക്കമെന്നും രാഹുൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർന്നുവെന്ന് വ്യക്തമാക്കുന്ന ആഭ്യന്തര സർവേ ഫലങ്ങൾ തന്റെ പക്കലുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്താൻ പുതിയ വഴികൾ തേടുകയാണ് മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും. എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താമെന്ന അവരുടെ ധാരണയുടെ കാലം കഴിഞ്ഞു. ഇപ്പോഴും അവർക്ക് ക്രമക്കേട് നടത്താനാകുമെങ്കിലും അത് ജനങ്ങൾക്ക് അറിയാം. ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ജെൻ സിയിൽ ഉൾപ്പെടുന്നവരിൽ ഏതാണ്ട് 100 ശതമാനം പേരും നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നുവെന്ന് വിശ്വസിക്കുന്നതായാണ് തങ്ങളുടെ സർവേ വ്യക്തമാക്കുന്നത്. ഇപ്പോൾ ഈ മൂന്ന് പേർ പുതിയൊരു പദ്ധതിയുമായി വന്നിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

നിരവധി സംസ്ഥാനങ്ങളിൽ മണ്ഡല അതിർത്തികൾ പുനർനിർണയിച്ചതും വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതും ചൂണ്ടിക്കാട്ടിയ രാഹുൽ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തന്നെ നിയമസാധുതയില്ലായിരുന്നുവെന്നും ആരോപിച്ചു. 2024ൽ വോട്ട് ചെയ്യാൻ യോഗ്യതയില്ലാത്ത 14 കോടി പേർ വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ തന്നെ പറഞ്ഞിട്ടുള്ളത്. കമീഷന്റെ വാദമനുസരിച്ച് 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നു. ജമ്മു കശ്മീരിൽ മണ്ഡലങ്ങൾ പുനർനിർണയിച്ചു. ബിഹാറിൽ വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്തത് തങ്ങൾ പുറത്തുകൊണ്ടുവന്നു. അസമിൽ ബി.ജെ.പിക്ക് അനുകൂലമായി സംസ്ഥാനം മുഴുവൻ പുനഃസംഘടിപ്പിച്ചു. പശ്ചിമ ബംഗാളിൽ നൂറിലേറെ സീറ്റുകൾ മോഷ്ടിച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.

വനിതാ സംവരണ ബില്ലിന്റെ പേരിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി രാജ്യത്തെ തെരഞ്ഞെടുപ്പ് ഭൂപടം ബി.ജെ.പിക്ക് അനുകൂലമായി മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വനിതാ സംവരണ ബിൽ നേരത്തേതന്നെ പാസാക്കിയതാണെന്നും ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ അത് നടപ്പാക്കാനാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിലവിലുള്ള 543 ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള കേന്ദ്രത്തിന്റെ നിർദേശത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഈ നീക്കം രാജ്യത്തെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു. 'ജെൻ സി, ഈ സംഖ്യ ഓർത്തുവെക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകത്തെയാണ് 850 എന്ന സംഖ്യ പ്രതിനിധീകരിക്കുന്നത്' -രാഹുൽ പറഞ്ഞു. മണ്ഡല പുനർനിർണയ കമീഷന്റെ നിർദിഷ്ട ഘടന നരേന്ദ്ര മോദി, മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർക്ക് നടപടികളിൽ വലിയ സ്വാധീനം നൽകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Rahul Gandhi Slams Centre's Delimitation Plan
Next Story