ന്യൂഡൽഹി: കോവിഡ് മഹാമാരി നേരിടുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാകിസ്താനും അഫ്ഗാനിസ്താനും വരെ ഇന്ത്യയെക്കാൾ നന്നായി കോവിഡിനെ നേരിട്ടുവെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ഇന്ത്യയുടെ ജി.ഡി.പി ബംഗ്ലാദേശിനും പിറകിൽ പോകുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിന് വൻ വീഴ്ചയുണ്ടായതായി കോൺഗ്രസ് നിരന്തരം ആരോപിച്ചിരുന്നു. കോവിഡ് പ്രതിരോധ പദ്ധതി പോലും സർക്കാറിന് ഇല്ലെന്ന് രാഹുൽ നേരത്തെ വിമർശിച്ചിരുന്നു.
കോവിഡ് സാഹചര്യത്തിൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നാണ് ഐ.എം.എഫിന്‍റെ വിലയിരുത്തൽ. ജൂണിൽ കണക്കാക്കിയതിലും ഉയർന്ന ഇടിവാണിത്. അതിവേഗം വളരുന്ന രാജ്യങ്ങളിൽ കൂടുതൽ തിരിച്ചടി നേരിടേണ്ടി വരുന്നതും ഇന്ത്യയായിരിക്കുമെന്ന് ഐ.എം.എഫ്. സൂചിപ്പിച്ചിരുന്നു.
അഫ്ഗാനിസ്താന്‍റെ ജി.ഡി.പിയിൽ അഞ്ച് ശതമാനം ഇടിവാണ് പ്രവചിക്കുന്നത്. പാകിസ്താന്‍റേത് 0.4 ശതമാനം ഇടിവും. പാകിസ്താനിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,21,877ഉം അഫ്ഗാനിൽ 40,026ഉം ആണ്. അതേസമയം, ഇന്ത്യയേക്കാൾ ഏറെ ജനസംഖ്യ കുറഞ്ഞ രാഷ്ട്രങ്ങളാണ് ഇവ രണ്ടും.