‘മെട്രോയും റോഡും അടക്കാം, ഇന്‍റർനെറ്റ് വിച്ഛേദിക്കാം, ചോദ്യപേപ്പർ ചോർച്ച തടയാനാകില്ല...’; കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കേന്ദ്ര സർക്കാറിന് മെട്രോ സ്റ്റേഷനുകളും റോഡുകളും കടകളും അടക്കാമെങ്കിലും ചേദ്യപേപ്പർ ചോർച്ച മാത്രം തടയാനായില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. മന്ത്രിയുടെ രാജിയിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ‘മെട്രോ അടക്കൂ, റോഡുകൾ അടക്കൂ, കടകൾ അടക്കൂ, ഇന്റർനെറ്റ് അടക്കൂ, ഭക്ഷണത്തിനുള്ള സൗകര്യവും തടസ്സപ്പെടുത്തൂ. അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർഥികൾക്കെതിരെ ഇത്തരം ക്രൂരമായ നടപടികളാണ് സ്വീകരിച്ചത്. എന്നാൽ മോദിജി, നിങ്ങൾക്ക് ഒരു കാര്യം മാത്രം അടച്ചുപൂട്ടാൻ സാധിച്ചില്ല -അത് പേപ്പർ ചോർച്ചയാണ്’ -രാഹുൽ എക്സിൽ കുറിച്ചു.
പൊലീസ് അതിക്രമത്തിനിടെ പെല്ലറ്റ് കൊണ്ട് മുറിവേറ്റ യുവാവുമായി വെള്ളിയാഴ്ച രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഉപയോഗിച്ചില്ലെന്ന പൊലീസ് വാദമാണ് ഇതോടെ പൊളിഞ്ഞുവീണത്. അതേസമയം, ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് സർക്കാർ തയാറായില്ലെങ്കിൽ തുടർ ചർച്ചകളിൽ കാര്യമില്ലെന്ന് ശനിയാഴ്ച രാവിലെ സി.ജെ.പി പ്രതിനിധി അഷുതോഷ് രങ്ക അറിയിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ വിട്ടുവീഴ്ചയില്ല. സർക്കാർ രാജി അംഗീകരിക്കുന്നില്ലെങ്കിൽ തുടർ ചർച്ചകളിൽ ഒരു കാര്യവുമില്ലെന്നും അഷുതോഷ് എക്സിൽ കുറിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് സി.ജെ.പി പ്രതിനിധികളും സർക്കാറും മൂന്നാംഘട്ട ചർച്ച നടത്തുന്നത്. ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പിയും പ്രധാനെ കൈവിടില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുന്നതിനിടെയാണ് ചർച്ചക്ക് കളമൊരുങ്ങുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ഇന്ന് അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നടന്ന ചർച്ചയിൽ വ്യക്തമാക്കിയത്. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചർച്ച രണ്ട് മണിക്കൂർ നേരം നീണ്ടു.
ചർച്ചയിൽ, ചോദ്യപേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമാധാനപരമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കി ഭാവിയിൽ പ്രതികാര നടപടിയെടുക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ മാത്രമാണ് ഇതുവരെ തീരുമാനമാകാത്തത്. രാജിക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി സമരത്തിന്റെ ഭാവി നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

