Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജിവെച്ച ധർമേന്ദ്ര...

രാജിവെച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ സ്വീകരണം: ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തകർത്തതിന്റെ ആഘോഷമാണെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel
camera_alt

രാഹുൽ ഗാന്ധി, ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രാജിവെക്കേണ്ടിവന്ന മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് പാർലമെന്റ് വളപ്പിൽ എൻ.ഡി.എ എം.പിമാർ വൻ സ്വീകരണം നൽകിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ധർമേന്ദ്ര പ്രധാനെ പാർലമെന്റിൽ ആദരിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി നശിപ്പിച്ചതിനെ ആഘോഷിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാജിവെച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ ആദ്യമായി പാർലമെന്റിലെത്തിയ ധർമേന്ദ്ര പ്രധാന് എൻ.ഡി.എ എം.പിമാർ നൽകിയ സ്വീകരണത്തിന് പിന്നാലെ, എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു. ‘ധർമേന്ദ്ര പ്രധാൻ അഴിമതിയുടെയും ഇന്ത്യയിലെ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും പ്രതീകമായി എന്നും നിലകൊള്ളും. ആ ദുരന്തപൂർണ്ണമായ സമ്പ്രദായമാണ് 26 കുട്ടികളുടെ ജീവനെടുത്തതും ലക്ഷക്കണക്കിന് യുവാക്കളെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കിയതും.

ധർമേന്ദ്ര പ്രധാനിന്റെ രാജി യാതൊരുവിധ ധാർമികതയുടെയും അടിസ്ഥാനത്തിലുണ്ടായതല്ല; അത് യുവാക്കളുടെ രോഷത്തെയും പ്രതിഷേധത്തെയും ഭയന്ന് നിർബന്ധിതമായി ഉണ്ടായതാണ്. ഇന്ന് അതേ വ്യക്തിയെയാണ് പാർലമെന്റിനുള്ളിൽ ബി.ജെ.പി ഹാരമണിയിച്ച് സ്വീകരിക്കുന്നത്. ഇത് ഒരു ആദരവല്ല, മറിച്ച് ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തകർത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ ഓരോ വിദ്യാർഥിയും ഇത് കാണുന്നുണ്ട്, ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോ മുഖവും അവർ ഓർത്തു വെക്കും രാഹുൽ ഗാന്ധി കുറിച്ചു.

തിങ്കളാഴ്ച രാവിലെ രാജിക്കുശേഷം ആദ്യമായി പാർലമെന്റ് വളപ്പിലെത്തിയ ധർമേന്ദ്ര പ്രധാനെ എൻ.ഡി.എ എം.പിമാർ വളയുകയും ധർമേന്ദ്ര പ്രധാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെ സ്വീകരിക്കുകയുമായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ പ്രധാനെ ബി.ജെ.പി നേതാക്കൾ പൂമാലയിട്ടും ആദരിച്ചു. തുടർന്നാണ് പ്രതിപക്ഷം ഒന്നടങ്കം വിഷയത്തിൽ ഭരണപക്ഷത്തിനെതിരെ രംഗത്തുവന്നത്.

ധർമേന്ദ്ര പ്രധാന് നൽകിയ സ്വീകരണത്തിൽ കോൺഗ്രസിന്റെ മറ്റ് മുതിർന്ന നേതാക്കളും രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. പരീക്ഷാ ചോർച്ചയിൽ സീറോയായ ഒരാളെ ഹീറോയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുൻപ് ബിൽക്കിസ് ബാനു കേസ് പ്രതികളെ പൂമാലയിട്ട് സ്വീകരിച്ചവരാണ് ഇവരെന്ന കാര്യം ജനങ്ങൾ മറന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി പറഞ്ഞു.

രാജ്യത്തെ യുവാക്കളോടും വിദ്യാർഥികളോടും കാട്ടിയ കടുത്ത അപമാനമാണിത്. പരീക്ഷാ ചോർച്ചകൾ, തകർന്നടിഞ്ഞ വിദ്യാഭ്യാസ വ്യവസ്ഥ, വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജും പെല്ലറ്റ് പ്രയോഗങ്ങളും... ഇതൊക്കെയാണോ ധർമേന്ദ്ര പ്രധാന്റെ പ്രശംസനീയമായ പ്രവർത്തനങ്ങളെന്ന് ബി.ജെ.പി വ്യക്തമാക്കണെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചത്.

നീറ്റ് പരീക്ഷാ ചോർച്ചയും തുടർന്നുണ്ടായ മറ്റ് മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമാണ് ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചത്. 'കോക്രോച്ച് ജനതാ പാർട്ടി' എന്ന വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന ശക്തമായ പ്രതിഷേധങ്ങളുടെ പ്രധാന ആവശ്യമായിരുന്നു പ്രധാന്റെ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanNDAUnion Education MinisterRahul GandhiNEET paper leak
News Summary - Rahul Gandhi Slams BJP Over Pradhan's Parliament Welcome
Next Story