'ജാതിവാദവും പുരുഷാധിപത്യ ചിന്താഗതിയും'; അർധനാരീശ്വര രൂപം പങ്കുവെച്ച് ബി.ജെ.പിക്കും ആർ.എസ്.എസിനും രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം
text_fieldsന്യൂഡൽഹി: തന്റെ മാതാപിതാക്കളായ സോണിയാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്നേഹബന്ധത്തെക്കുറിച്ച് പരാമർശിച്ചതിനു പിന്നാലെ പരിഹാസവുമായെത്തിയ ബി.ജെ.പിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. അർധനാരീശ്വരരൂപമുള്ള ശില്പത്തിന്റെ ചിത്രം എക്സിൽ പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. പുരുഷമേധാവിത്വ ചിന്താഗതിക്കാരും ജാതിവാദികളും മര്യാദയില്ലാത്തവരുമാണ് ആർ.എസ്.എസും ബി.ജെ.പിയുമെന്ന് ഇതോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു.
മുംബൈയിലെ എലിഫന്റ ഗുഹകളിലുള്ള അർധനാരീശ്വരരൂപമാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ഹിന്ദുവിശ്വാസപ്രകാരം ശിവന്റെയും പാർവതിയുടെയും സംയുക്തരൂപമാണ് അർധനാരീശ്വരൻ. ഇന്ത്യൻ ആത്മീയതയിൽപോലും പരസ്പരബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനെപ്പറ്റി ബി.ജെ.പിക്കും ആർ.എസ്.എസിനും ഒരു ധാരണയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ത്യൻ ആത്മീയ, മത പാരമ്പര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്തോറും കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു. ബി.ജെ.പിയും ആർ.എസ്.എസും സംസ്കാരശൂന്യരും അത്യാഗ്രഹികളും ജാതിചിന്താഗതിക്കാരുമായ, പുരുഷാധിപത്യം പുലർത്തുന്നവരാണ്; നമ്മുടെ ആത്മീയ, മത പാരമ്പര്യങ്ങളെക്കുറിച്ച് ഇവർക്ക് ഒട്ടും ധാരണയില്ല' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
സോണിയാ ഗാന്ധിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ബിലോങിങ്: എ ജേർണി ഓഫ് ലവ്' പ്രകാശനം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു രാഹുലിന്റെ പരാമർശം. താൻ ചെറുപ്പമായിരുന്നപ്പോൾ അമ്മ അച്ഛന്റെ മടിയിലിരിക്കാറുണ്ടായിരുന്നുവെന്നും എല്ലാ വീട്ടിലെയും മാതാപിതാക്കൾ ഇങ്ങനെയായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ സുഹൃത്തുക്കളുടെ വീട്ടിൽ പോയപ്പോഴാണ് സത്യാവസ്ഥ അങ്ങനെയല്ലെന്ന് മനസ്സിലാക്കിയതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇതിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയടക്കം നിരവധി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. പരസ്പര ബഹുമാനവും സ്നേഹവും ബന്ധങ്ങളിൽ പ്രധാനമാണെന്നും അത് ദൗർബല്യമല്ലെന്നും വ്യക്തമാക്കി കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അനുകൂലിച്ചിരുന്നു.

