രാഹുൽ ഗാന്ധിയെ പാർലമെന്റിൽ പൂട്ടിയിട്ട് തല്ലണം; പ്രകോപന പ്രസ്താവന നടത്തി ബി.ജെ.പി എം.എൽ.എ
text_fieldsഡോ.വൈ. ഭരത്
മംഗളൂരു: ബി.ജെ.പി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ പൂട്ടിയിട്ട് തല്ലണമെന്ന് മംഗളൂരു നോർത്ത് ബി.ജെ.പി എം.എല്‍.എ ഡോ. വൈ. ഭരത് ഷെട്ടി. പരസ്യ ഭീഷണിക്കെതിരെ മംഗളൂരു കാവൂർ പൊലീസ് കേസെടുത്തു.
‘രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം’. ഏഴ് മുതല്‍ എട്ട് വരെ എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യാന്‍ ഇത് ഇടയാക്കും. രാഹുല്‍ ഗാന്ധി മംഗളൂരു നഗരത്തില്‍ വന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് ഇതിനുള്ള സൗകര്യം ഒരുക്കും. ഹിന്ദു ദൈവമായ ശിവന്റെ ചിത്രമാണ് രാഹുല്‍ ഗാന്ധി കൈയില്‍ പിടിച്ചത്. ശിവൻ തന്റെ മൂന്നാം കണ്ണ് തുറന്നാല്‍ താൻ (രാഹുല്‍) ചാരമായി മാറുമെന്ന് ആ ഭ്രാന്തന് അറിയില്ല. ഹിന്ദു വിരുദ്ധ നയമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഒരു ഭ്രാന്തനാണെന്ന് വ്യക്തമാണ്. അദ്ദേഹം പാർലമെന്റിൽ ‘കുരച്ചാല്‍’ പ്രാദേശിക നേതാക്കള്‍ ഇവിടെ വാലാട്ടാൻ തുടങ്ങും. ഹിന്ദുമതത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബി.ജെ.പിയുടെ കടമയാണ്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡോ.വൈ.ഭരത് ഷെട്ടി എം.എൽ.എ നടത്തിയ ഭീഷണിയിൽ കോൺഗ്രസ് പ്രവർത്തകർ മംഗളൂരു കോർപറേഷൻ ഓഫീസിന് മുന്നിൽ ബുധനാഴ്ച നടത്തിയ പ്രതിഷേധം
ഹിന്ദുവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്തരം നേതാക്കള്‍ കാരണം ഹിന്ദുക്കള്‍ക്ക് ഭാവിയില്‍ ആപത്ത് നേരിടേണ്ടിവരും. ഹിന്ദുക്കള്‍ വീടിന് പുറത്തിറങ്ങാത്ത സാഹചര്യം അവർ സൃഷ്ടിക്കും. രാഹുല്‍ ഗാന്ധി കേരളം സന്ദർശിക്കുമ്പോള്‍ മതേതരവാദിയായി മാറും, തമിഴ്‌നാട്ടില്‍ അദ്ദേഹം നിരീശ്വരവാദിയാകും. ഗുജറാത്തില്‍ വരുമ്പോള്‍ രാഹുല്‍ പരമശിവന്‍റെ കടുത്ത ഭക്തനായി മാറുന്നു. പൊതുതെരഞ്ഞെടുപ്പില്‍ 99 ലോക്‌സഭ സീറ്റുകള്‍ മാത്രം നേടിയാണ് രാഹുല്‍ ഗാന്ധി വലിയ നേട്ടമുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നത്.
ശിവാജിയും മഹാറാണാ പ്രതാപും ജനിച്ചത് ഹിന്ദു സമൂഹത്തിലാണ്. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങള്‍ ആയുധങ്ങള്‍ എടുക്കും. ആയുധങ്ങളെ പൂജിച്ചതിന് ശേഷം എങ്ങനെ തിരിച്ചടിക്കണമെന്ന് നന്നായി അറിയാം. പാർലമെന്റിനുള്ളിലെ ശക്തമായ അടിക്ക് ശേഷം രാഹുല്‍ ഗാന്ധി നന്നായിക്കോളും -എം.എൽ.എ പറഞ്ഞു. പ്രകോപന പ്രസ്താവനക്കെതിരെ പെഞ്ചിമുഗറുവിലെ കോൺഗ്രസ് പ്രവർത്തകൻ അനിൽ കുമാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

