വോട്ടർപട്ടികയിലെ ക്രമക്കേട് പാർലമെന്റ് ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഒരേ എപിക് നമ്പറിൽ വ്യത്യസ്ത വോട്ടുകൾ രജിസ്റ്റർ ചെയ്ത വോട്ടർപട്ടികയിലെ ക്രമക്കേട് പാർലമെന്റിലും ചർച്ചയായി. പാർലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞദിവസം പ്രതിപക്ഷം വിഷയം കൊണ്ടുവന്നു. അജണ്ടകൾ മാറ്റിവെച്ച് വോട്ടർപട്ടിക ക്രമക്കേടും മണ്ഡല പുനർനിർണയവും അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യം ഉപാധ്യക്ഷൻ ഹരിവൻഷ് തള്ളിയതിനെതുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. ലോക്സഭയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും വിഷയമുന്നയിക്കുകയും ചെയ്തു.
രാജ്യമൊട്ടുക്കും വോട്ടർപട്ടികയിൽ ചോദ്യങ്ങളുയരുന്ന സാഹചര്യത്തിൽ പാർലമെന്റ് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ മഹാരാഷ്ട്രയിലും വോട്ടർ പട്ടികയിൽ ചോദ്യങ്ങളുയർന്നിരിക്കുന്നു. അതിനാൽ സഭയിൽ വിഷയത്തിൽ ചർച്ചവേണമെന്നാണ് മുഴുവൻ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നതെന്ന് രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്റെ എല്ലാ കാര്യങ്ങളും ശരിയല്ല എന്നാണിതിൽനിന്ന് വ്യക്തമാകുന്നത്. ഇതിലും ഗൗരവമേറിയ തട്ടിപ്പാണ് മഹാരാഷ്ട്ര വോട്ടർപട്ടികയിൽ ചൂണ്ടിക്കാണിച്ചത്. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലും അസമിലും ഇതാണ് സ്ഥിതി. ഒരേ എപിക് നമ്പറിൽ പശ്ചിമ ബംഗാളിലും ഹരിയാനയിലും വോട്ടർമാരുള്ളതിന്റെ തെളിവുകൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കാണിച്ചുവെന്ന് വിഷയമുന്നയിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് വ്യക്തമാക്കി.
വോട്ടർ പട്ടിക തയാറാക്കുന്നത് സർക്കാറാണോ എന്ന സ്പീക്കറുടെ ചോദ്യത്തിൽ പിടിച്ചാണ് തൃണമൂൽ കോൺഗ്രസ് ഉന്നയിച്ച വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടത്. സ്പീക്കർ പറഞ്ഞത് ശരിയാണെന്ന് രാഹുൽ പറഞ്ഞപ്പോഴേക്കും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഓം ബിർള ഇടപെട്ടു. കേന്ദ്ര സർക്കാറല്ല വോട്ടർ പട്ടികയുണ്ടാക്കുന്നത് എന്നതുകൊണ്ടാണ് ചർച്ച ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഇതിന് മറുപടി നൽകുകയും ചെയ്തു.
തെരഞ്ഞെടുപ്പുകൾ നിഷ്പക്ഷവും സുതാര്യവുല്ലെന്ന് വോട്ടർപട്ടികയിലെ വോട്ടിരട്ടിപ്പ് വ്യക്തമാക്കിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ ഗുജറാത്തിലെയും ഹരിയാനയിലെയും വോട്ടർമാർ വന്നത് വിചിത്രമാണ്. ഏതാനും വർഷങ്ങളായി രാജ്യത്ത് നിഷ്പക്ഷവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നും കല്യാൺ ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

