‘മോദി തന്റെ മുഖത്ത് നോക്കുന്നില്ലെന്ന് രാഹുൽ’; പ്രധാനമന്ത്രിയെ സഭയിലിരുത്തി രാഹുൽ എയ്തത് വാക്ശരങ്ങൾ
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയിലിരുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രയോഗിച്ചത് വാക്ശരങ്ങൾ. യു.പി.എക്കും എൻ.ഡി.എക്കും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്ന് പറഞ്ഞ് തുടങ്ങിയ ശേഷമായിരുന്നു കടന്നാക്രമണം.
പ്രധാനമന്ത്രിയുടെ മെയ്ക് ഇൻ ഇന്ത്യയും വിദേശ നയവും പരാജയപ്പെട്ടതെങ്ങനെയെന്ന് രാഹുൽ വിശദീകരിച്ചു. ലോക്സഭയിലെ പ്രാതിനിധ്യം 400 കടക്കുമെന്ന് മോദി പറഞ്ഞതും ചൈനയുടെ അധിനിവേശം മറച്ചുപിടിച്ചതും ആർ.എസ്.എസുമായി ചേർന്ന് ഭരണഘടന അട്ടിമറിക്കാൻ നോക്കിയതുമൊക്കെ പറഞ്ഞ് കണക്കിന് പരിഹസിച്ചു. കണ്ടോ, മോദി തന്റെ മുഖത്ത് നോക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞപ്പോൾ അദ്ദേഹം തലയുയർത്തുന്നതിനും സഭ സാക്ഷിയായി. കേന്ദ്ര മന്ത്രിമാരുടെ പ്രതിഷേധങ്ങൾക്കും സ്പീക്കറുടെ ഇടപെടലിനും പ്രസംഗം പല തവണ വഴിവെച്ചു.
ഉൽപാദനത്തിലെ തോൽവി മെയ്ക് ഇൻ ഇന്ത്യയിലും
പാർലമെന്റിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗം കഴിഞ്ഞ വർഷത്തേത് തന്നെയായതിനാൽ കേവലം വിഴുപ്പലക്കലായെന്ന് രാഹുൽ കുറ്റപ്പെടുത്തി. സാങ്കേതിക വിപ്ലവത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനും ഉൽപാദനത്തിൽ ചൈനയെ തോൽപിക്കാനാവുമെന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്താനും രാഷ്ട്രപതിയുടെ പ്രസംഗത്തിനാകണമായിരുന്നു.
എന്നാൽ, ചൈനയുടെ ഉൽപന്നങ്ങൾ ഉപയോഗിച്ച് നടത്തിയ ‘മെയ്ക്ക് ഇൻ ഇന്ത്യ’ മോദിയുടെ നല്ല ആശയമായിട്ടും പരാജയമായി. പ്രതിരോധ സാമഗ്രികളിൽപോലും ചൈനീസ് ഉൽപന്നങ്ങളുപയോഗിക്കുന്നത് യുവാക്കളുടെ തൊഴിലിനെയും രാജ്യ സുരക്ഷയെയും ബാധിക്കും. ചൈനയല്ല, ഇന്ത്യ സ്വന്തം നിലക്കാണ് ഈ വിപ്ലവം നയിക്കേണ്ടതെന്ന് യുവജനങ്ങളോട് പറയണം. ഭാവി സാങ്കേതിക വിദ്യ എന്താണ് ചെയ്യാൻ പോകുന്നതെന്ന് രാജ്യത്തെ സാങ്കേതിക വിദഗ്ധർ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകണം. ഈ വിപ്ലവത്തിൽ അവരെ പങ്കാളികളാക്കണം.
സൈന്യം സ്ഥിരീകരിച്ച ചൈനീസ് അധിനിവേശം
ഇന്ത്യയുടെ 4000 ഏക്കർ ഭൂമി ചൈന കൈയേറിയെന്നത് പ്രധാനമന്ത്രി നിഷേധിച്ചെങ്കിലും സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞതിന് നേർവിപരീതമായാണ് മുഖ്യ സേനാധിപന്റെ സ്ഥിരീകരണമെന്ന് രാഹുൽ പറഞ്ഞപ്പോൾ അങ്ങനെ ഈ സഭയിൽ പറയാൻ പറ്റില്ലെന്ന് വാദിച്ച് കിരൺ റിജിജു എഴുന്നേറ്റു.
വിദേശ നയത്തെക്കുറിച്ചും പ്രതിരോധ മേഖലയെ ക്കുറിച്ചും പാർലമെന്റിൽ സംസാരിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നും ഇതിൽ തമാശക്കഥകൾ പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഭരണപക്ഷം ഒന്നടങ്കം എഴുന്നേറ്റു പ്രതിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് പറയുന്നതിനുള്ള തെളിവുകൾ സഭയിൽ വെക്കണമെന്ന് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു.
ഭരണഘടന മാറ്റുമെന്ന് പറഞ്ഞു; നെറ്റിയിൽ വെച്ച് തലകുനിച്ചു
ലോക്സഭയിലെ പ്രാതിനിധ്യം 400 കടന്ന് ഭരണഘടന മാറ്റുമെന്ന് പറഞ്ഞവർക്ക് ഭരണഘടന നെറ്റിയിൽ വെച്ച് തലകുനിക്കേണ്ടിവന്നുവെന്ന് രാഹുൽ പരിഹസിച്ചു. ആർ.എസ്.എസ് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കില്ലെങ്കിലും ഒരു ശക്തിക്കും ഇതിനെ തൊടാനാകില്ല. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും അയോധ്യയിൽ രാമക്ഷേത്രം പണിതപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചതെന്നും പറയുന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ഭരണഘടന അംഗീകരിക്കുന്നില്ല. എന്നാൽ, ആർ.എസ്.എസ് തലവന്റെ സ്വപ്നം സഫലമാക്കാൻ തങ്ങൾ സമ്മതിക്കില്ല. ഇന്ത്യയെ ഈ ഭരണഘടനതന്നെ നയിക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
ജാതി സെൻസസിന് നിർമിത ബുദ്ധി
തെലങ്കാനയിലെ ജാതി സർവേ നടത്തിയപ്പോൾ പുറത്തുവന്ന കണക്ക് ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാനയിലെ 90 ശതമാനവും ആദിവാസി-ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളാണ്. രാജ്യത്തിന്റെ മൊത്തം ചിത്രവും ഏറക്കുറെ അതാണ്. രാജ്യത്ത് 50-55 ശതമാനം ഒ.ബി.സി വിഭാഗങ്ങളും 16 ശതമാനം ദലിതുകളും ഒമ്പത് ശതമാനം ആദിവാസികളും 15 ശതമാനം ന്യൂനപക്ഷങ്ങളുമാണ്.
ഉൽപാദനത്തിൽ ഊന്നുന്നതിനൊപ്പം കീഴ്ജാതിക്കാർക്കും ഒ.ബി.സിക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും ഈ രാജ്യത്തിന്റെ സമ്പത്തിൽ പങ്കാളിത്തം നൽകണം. ഒരിക്കൽ ജാതി സെൻസസ് നടത്തിയാൽ മാത്രമേ, രാജ്യത്തിന്റെ എന്തുമാത്രം അധികാരവും സമ്പത്തും സ്ഥാപനങ്ങളും രാജ്യത്തെ ഈ 90 ശതമാനത്തിന്റെ പക്കലുണ്ട് എന്ന് മനസ്സിലാക്കാനാകൂ. ജാതി സെൻസസിൽ നിർമിത ബുദ്ധി ഉപയോഗിക്കണം. ആ സ്ഥിതി വിവരക്കണക്കുകൾ സാമൂഹിക മാറ്റത്തിന് ഉപയോഗിക്കണം- രാഹുൽ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.