ഝാർഖണ്ഡിൽ സർക്കാരുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കം തടഞ്ഞത് ഇൻഡ്യ സഖ്യം -രാഹുൽ ഗാന്ധി
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ ഭരണകക്ഷി എം.എൽ.എമാരെ ചാക്കിട്ട് പിടിച്ച് സർക്കാരുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കം തടഞ്ഞത് ഇൻഡ്യ സഖ്യമാണെന്ന് രാഹുൽ ഗാന്ധി. പണവും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് ബി.ജെ.പി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. താൻ ബി.ജെ.പിയെ ഭയക്കുന്നില്ലെന്നും അവരുടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ആശയത്തിനെതിരെ പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭിന്നിപ്പിക്കുന്ന ആശയങ്ങളോടുള്ള പോരാട്ടമായിരുന്നു ഭാരത് ജോഡോ യാത്രയിലൂടെ ഉദ്ദേശിച്ചത്. എന്നാൽ ഇപ്പോഴത്തെ ജോഡോ ന്യായ് യാത്ര രാജ്യത്തിലെ ജനങ്ങൾക്ക് നീതിതേടിക്കൊണ്ടുള്ളതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഝാർഖണ്ഡിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാൽ അവരുടെ കൊള്ളയടിക്കാനുള്ള ശ്രമത്തിന് ഇൻഡ്യ സഖ്യം തടയിട്ടു. രാജ്യത്തുടനീളം വ്യാപകമായ അനീതിയാണ് നടക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിന്റെ പാരമ്യതയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ തൊഴിൽ ലഭിക്കുമെന്ന് യുവാക്കൾക്ക് പ്രതീക്ഷ ഇല്ലാതായി.- രാഹുൽ പറഞ്ഞു.
ഝാർഖണ്ഡിലെ ജനങ്ങളെ യാത്രയുടെ ഭാഗമാകാനും രാഹുൽ ക്ഷണിച്ചു. ഇ.ഡി അറസ്റ്റിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ചതിനു പിന്നാലെ ഝാർഖണ്ഡിൽ ചംപായ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. പുതിയ മുഖ്യമന്ത്രിതെ പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കാത്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഝാർഖണ്ഡിൽ എം.എൽ.എമാരെ വിലക്കുവാങ്ങി സർക്കാരുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

