ഭാരത് ജോഡോ യാത്രക്ക് ലഭിച്ച മികച്ച പ്രതികരണം; ഹിന്ദി ബെൽറ്റിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാരത് ജോഡോ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. കുരുക്ഷേത്രക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഭയത്തിനും വിദ്വേഷത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കെതിരെയുമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഹിന്ദി ബെൽറ്റിലും യാത്രക്ക് നല്ല പ്രതികരണം ലഭിക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ ഈ സംസ്ഥാനങ്ങളിൽ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അത് കൂടുതൽ മെച്ചപ്പെടുമെന്നും രാഹുൽ പറഞ്ഞു.
"ഹിന്ദി ബെൽറ്റിലൂടെ യാത്ര കടന്നുപോകുമ്പോൾ നല്ല പ്രതികരണം ലഭിക്കില്ലെന്ന് ചിലർ പറഞ്ഞു. എന്നാൽ മധ്യപ്രദേശിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹരിയാനയിൽ എത്തിയപ്പോൾ ഇത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെന്ന് പറഞ്ഞു. അവിടെ നിന്നും മികച്ച പ്രതികരണം ലഭിച്ചു. മുന്നോട്ട് പോകുന്തോറും പ്രതികരണം കൂടുതൽ മെച്ചപ്പെട്ടു"- രാഹുൽ പറഞ്ഞു. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കർഷകർക്കും പാവപ്പെട്ടവർക്കും പിന്തുണ നൽകുന്ന സർക്കാരുകൾ ഇവിടെ ഞങ്ങൾ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.