'മുഹമ്മദ് ദീപക്കിന്‍റെ ജിമ്മിൽ അംഗത്വമെടുക്കാൻ രാഹുൽ ഗാന്ധി'; പ്രതിപക്ഷ നേതാവിനെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് ദീപക് കുമാർ
text_fieldsദീപക് കുമാർ രാഹുൽ ഗാന്ധിയോടൊപ്പം
ബജ്റങ് ദൾ പ്രവർത്തകരുടെ അതിക്രമത്തിൽ നിന്ന് മുസ്ലിം വയോധികനെ രക്ഷപ്പെടുത്തിയ ദീപക് കുമാറിന്‍റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപെട്ടിരുന്നു. ജാതിയുടെയും മതത്തിന്‍റെയും പേരിൽ മനുഷ്യർ പരസ്പരം തമ്മിലടിക്കുന്ന കാലത്ത് മനുഷ്യത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മറുവാക്കായി രാജ്യത്തിന് മാതൃകയായ വ്യക്തിയാണ് ദീപക്. സമൂഹ മാധ്യമങ്ങളിൽ സെൻസേഷൻ ആയി മാറിയ ദീപകിനെ ഇന്ന് രാഹുൽ ഗാന്ധി നേരിട്ട് കണ്ട് അഭിനന്ദിച്ചു. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
'രാഹുൽ ഗാന്ധി ജി ഇന്ന് എന്നെ ഇവിടേക്ക് വിളിച്ചിരുന്നു. അദ്ദേഹം എന്റെ ഭാര്യയോടും കുടുംബത്തോടും സംസാരിച്ചു. ഞാൻ ചെയ്തത് വളരെ നല്ല കാര്യമാണെന്നും എനിക്ക് ഒരു ഭയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്വാറിലേക്ക് വന്ന് എന്റെ ജിമ്മിൽ അംഗത്വം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ജി എന്റെ ജിമ്മിൽ വന്നാൽ അത് എനിക്ക് വളരെ സന്തോഷകരമായ കാര്യമായിരിക്കും' -രാഹുൽ ഗാന്ധിയുമായുള്ള സന്ദർശനത്തിനുശേഷം ദീപക് മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്ന് (കോട്വാറിലെ) സ്ഥിതി മുമ്പത്തേക്കാൾ നല്ലതാണ്. രാഹുൽ ജി എന്നെ സോണിയ ജിയെയും പരിചയപെടുത്തി. എനിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. മനുഷ്യത്വത്തിനുവേണ്ടിയാണ് ഞാൻ ശബ്ദം ഉയർത്തിയത്' അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 26നാണ് പാർക്കിൻസൺസ് രോഗം ബാധിച്ച 70 വയസ്സുള്ള മുസ്ലിം കടയുടമയെ ശല്യപ്പെടുത്തിയ ബജ്റങ് ദൾ പ്രവർത്തകരെ ദീപക് നേരിട്ടത്. കടയുടെ പേരിൽ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കാണമെന്നായിരുന്നു അവരുടെ ആവശ്യം. ബാബ എന്നത് ഹിന്ദു നാമമാണെന്നും ഇത് മുസ്‍ലിം സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമായിരുന്നു ഇവരുടെ വാദം. ഇതിനിടയിലാണ് ദീപക് തർക്കത്തിൽ ഇടപെടുന്നത്. എല്ലാവരും ഉപയോഗിക്കുന്ന ‘ബാബ’ എന്ന പേര് എന്തുകൊണ്ട് അഹമ്മദിന്റെ കടക്ക് നൽകിക്കൂടെന്നായി ദീപക്. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര് എന്തിന് മാറ്റണമെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരമില്ലാതായ ബജ്റങ് ദൾ പ്രവർത്തകർ പേര് ചോദിച്ചുകൊണ്ട് ദീപകിനെതിരെ തിരിഞ്ഞു. ‘എന്റെ പേര് മുഹമ്മദ് ദീപക്..’ എന്നായി മറുപടി. ഏതാനും പേർ ചേർന്ന് ദീപകിനെ നേരിടാൻ ശ്രമിച്ചപ്പോൾ, അദ്ദേഹം ചെറുത്തു നിന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന ഹാഷ് ടാഗുമായി ദീപകിന് പിന്തുണയുമായെത്തിയത്. അതേസമയം, ഭീഷണിയും കൊലവിളിയും മറുപക്ഷത്തു നിന്നും ഉയരുകയും ചെയ്തു.
ജനുവരി അവസാന വാരം നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞതോടെ ബ്ജറങ് ദൾ പ്രവർത്തകർ കൂട്ടം ചേർന്ന് ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി രംഗത്തെത്തുകയായിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ പേജുകൾ കൊലവിളിയും ഉയർത്തി. ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നും സംഘടിച്ചെത്തിയ ബജ്റങ് ദൾ പ്രവർത്തർ ദീപകിന്റെ വീടിനു മുന്നിലും ജിംനേഷ്യം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കി. കടയുടമയെ ഭീഷണിപ്പെടുത്തിയതിനും ദീപക് കുമാറിന്റെ വീടിനു മുന്നിൽ സംഘടിച്ച് ഭീഷണിപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. 40ഓളം ബജ്റങ് ദളുകാർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

