‘നിസ്സാര രാഷ്ട്രീയം മാറ്റിവെക്കൂ, വിഷയം പാർട്ടിയല്ല, ഇന്ത്യയാണ്’; തൃണമൂലിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്നവർക്കെതിരെ രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, പ്രതിപക്ഷ നിരയിലെ ചില നേതാക്കളുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ മമത ബാനർജിയുടെ തോൽവിയിൽ കോൺഗ്രസിലെ ചിലർ സന്തോഷം പ്രകടിപ്പിക്കുന്നതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്. ഇത്തരം 'നിസ്സാര രാഷ്ട്രീയം' മാറ്റിവെച്ച് ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയെ തിരിച്ചറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘കോൺഗ്രസിലെ ചിലരും മറ്റ് ചില നേതാക്കളും തൃണമൂലിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവർ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. അസമിലെയും ബംഗാളിലെയും ജനവിധി മോഷ്ടിക്കപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ദൗത്യത്തിലെ വലിയൊരു ചുവടുവെപ്പാണ്. നിസ്സാര രാഷ്ട്രീയം ദയവായി മാറ്റിവെക്കൂ. ഇത് ഒരു പാർട്ടിയെക്കുറിച്ചോ മറ്റൊരു പാർട്ടിയെക്കുറിച്ചോ ഉള്ള വിഷയമല്ല, ഇത് ഇന്ത്യയെക്കുറിച്ചാണ്’ രാഹുൽ ഗാന്ധി കുറിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന കോൺഗ്രസ് ഇത്തവണ രണ്ട് സീറ്റുകൾ നേടി അക്കൗണ്ട് തുറന്നെങ്കിലും, സംസ്ഥാനത്തെ മൊത്തം ചിത്രം മാറിയിരിക്കുകയാണ്. 294 അംഗ നിയമസഭയിൽ 206 സീറ്റുകൾ നേടി ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 15 വർഷം നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യമായി. തൃണമൂൽ കോൺഗ്രസ് കേവലം 80 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്.
സംസ്ഥാനത്തെ 23 ജില്ലകളിൽ ഒമ്പതിടത്തും തൃണമൂൽ കോൺഗ്രസിനെ ബി.ജെ.പി പൂർണ്ണമായും തുടച്ചുനീക്കി. ഈ ഒമ്പത് ജില്ലകളിലെ ആകെ 68 സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തു. ഉത്തർ ബംഗാൾ മുതൽ തെക്കൻ ബംഗാൾ വരെയുള്ള മേഖലകളിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനങ്ങൾ ശരിവെക്കുന്നതായിരുന്നു. പല ജില്ലകളിലും തൃണമൂലിന് അക്കൗണ്ട് തുറക്കാൻ പോലും സാധിക്കില്ലെന്ന മോദിയുടെ പ്രചാരണ വാചകങ്ങൾ ഫലത്തിൽ പ്രതിഫലിച്ചു.
ബംഗാളിലെ ഈ വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. ബീഹാർ, ഒഡീഷ (കലിംഗ), ബംഗാൾ എന്നീ കിഴക്കൻ സംസ്ഥാനങ്ങളെ കോർത്തിണക്കി ബി.ജെ.പി വിഭാവനം ചെയ്ത 'സഫ്രൺ ആർക്ക്' ഇതോടെ പൂർണ്ണമായി. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ ബംഗാളും തകർന്നതോടെ ബി.ജെ.പിക്ക് അവിടെ അനിഷേധ്യമായ മേധാവിത്വം കൈവന്നിരിക്കുകയാണ്. തൃണമൂലിനെ തകർത്ത് ബി.ജെ.പി അധികാരം പിടിച്ചെടുക്കുമ്പോൾ അത് കേവലം ഒരു തെരഞ്ഞെടുപ്പ് വിജയമല്ലെന്നും, ജനാധിപത്യ സ്ഥാപനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് രാഹുൽ ഗാന്ധി നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

