പത്ത് വർഷത്തിനിടെ രാജ്യത്ത് 152 ചോദ്യപേപ്പർ ചോർച്ച; ഒരു നടപടിയും ഉണ്ടായില്ല -രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ
ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ 152 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടും ഒരാൾക്കുപോലും ശിക്ഷ ലഭിച്ചിട്ടില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് വിഷയത്തിലും ഡൽഹിയിൽ വിദ്യാർഥികളെ നേരിട്ട പൊലീസ് നടപടിയിലും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച രാഹുൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിന് എത്തിയത്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ക്രമക്കേടുകൾ നിറഞ്ഞതും സാധാരണക്കാർക്ക് താങ്ങാനാകാത്തവിധം ചെലവേറിയതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വിദ്യാർഥികളെ പൊലീസ് മർദിച്ച നടപടിയെയും വിമർശിച്ചു. പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. സി.ജെ.പിയുടെ (കോക്രോച്ച് ജനത പാർട്ടി) പേര് പറയാതെയാണ് ഡൽഹിയിലെ സമരത്തെ കുറിച്ച് സൂചിപ്പിച്ചത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന ആവശ്യവും ഉന്നയിച്ചു.
സുരക്ഷാ സേന ആയുധങ്ങൾ ചൂണ്ടാനും മർദിക്കാനും മാത്രം നമ്മുടെ വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച രാഹുൽ, വിദ്യാർഥികളെ ഇങ്ങനെ ആക്രമിക്കുന്നത് എന്തുകൊണ്ടാണെന്നും രാജ്യം അവർക്ക് നൽകേണ്ട അവകാശങ്ങളാണ് അവർ ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വിദ്യാർഥികളാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾ തീവ്രവാദികളല്ലെന്നും അവർ രാജ്യത്തിന്റെ ഭാവിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായ ചോദ്യപേപ്പർ ചോർച്ചകൾ 7.5 കോടി വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചു. ഇവരിൽ ഭൂരിഭാഗവും ഇടത്തരക്കാരും സാധാരണക്കാരുമായ കുടുംബങ്ങളാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് അവർ പരീക്ഷ പരിശീലനത്തിനും മറ്റുമായി ചെലവഴിക്കുന്നത്. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകൾ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ദുർബലപ്പെടുത്തിയതിന്റെ തെളിവാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വിദ്യാഭ്യാസ രംഗത്തെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. ഇന്ത്യയിലെ ഓരോ വിദ്യാർഥിയും ഉയർത്തുന്ന ആശങ്കകളോട് നൂറു ശതമാനം താൻ യോജിക്കുന്നു. ഈ വിഷയത്തിൽ പ്രതിഷേധിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണ പ്രഖ്യാപിക്കുന്നതായും രാഹുൽ പറഞ്ഞു.
നേരത്തേ, പാർലമെന്റ് സമ്മേളനത്തിൽ ഭരണപക്ഷമായ എൻ.ഡി.എയും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

