‘ഇന്ത്യൻ നീക്കം പാകിസ്താനെ അറിയിച്ചത് ആര്?, രാജ്യത്തിന് എത്ര യുദ്ധ വിമാനം നഷ്ടമായി?’; വിദേശകാര്യ മന്ത്രിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ആക്രമണ നീക്കം പാകിസ്താനെ അറിയിച്ചത് കുറ്റക്കരമാണെന്നും ഇതിന് ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ഗാന്ധി എക്സിലൂടെ ചോദിച്ചു.
മുൻകൂട്ടി അറിയിച്ചത് കൊണ്ട് പാകിസ്താന്‍റെ പ്രത്യാക്രമണത്തിൽ ഇന്ത്യയുടെ എത്ര യുദ്ധ വിമാനങ്ങൾ നഷ്ടമായെന്നും രാഹുൽ ചോദിച്ചു. വിദേശകാര്യ മന്ത്രി നടത്തിയ പ്രസ്താവനയുടെ വിഡിയോ എക്സിൽ പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ ചോദ്യം.
ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പോകുന്നത് പാകിസ്താനെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് വിവരം പാകിസ്താനെ അറിയിച്ചിരുന്നു. സൈന്യം ഇടപെടരുതെന്നും പാക് അധികൃതരെ അറിയിച്ചെന്നാണ് ജയ്ശങ്കർ വ്യക്തമാക്കിയത്.
അതേസമയം, ജയ്ശങ്കറിന്‍റെ പ്രസ്താവന ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മന്ത്രിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് വാർത്താകുറിപ്പിൽ മന്ത്രിലായം വ്യക്തമാക്കി.
ഇന്ത്യയുടെ തിരിച്ചടി ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണെന്ന് ആക്രമണത്തിന് മുമ്പ് പാകിസ്താനെ അറിയിച്ചിട്ടില്ല. ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷമാണ് പാക് ഡി.ജി.എം.ഒയെ വിളിച്ച് വിദേശകാര്യ മന്ത്രാലയം വിവരം അറിയിച്ചത്.
പാകിസ്താൻ സൈനിക നടപടി എടുക്കരുതെന്നും എടുത്താൽ ഇന്ത്യക്ക് കൂടുതൽ ഇടപെടൽ നടത്തേണ്ടി വരുമെന്നും അറിയിച്ചു. പാക് അധികൃതർ അനുസരിക്കാത്ത സാഹചര്യത്തിൽ വ്യോമ ന്ദ്രങ്ങൾ അടക്കമുള്ളവ ഇന്ത്യക്ക് ആക്രമിക്കേണ്ടി വന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.