‘ഡൽഹിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ സുരക്ഷിതരാണോ?’ സംഗീതജ്ഞന്റെ കൊലപാതകത്തിൽ ആഭ്യന്തര മന്ത്രാലയത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മണിപ്പൂരിൽ നിന്നുള്ള സംഗീതജ്ഞൻ ചോങ്തം വിക്രം സിങ് മർദനമേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യ തലസ്ഥാനത്ത് വടക്കുകിഴക്കേ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന വർധിച്ചുവരുന്ന അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി പൊലീസും എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്ത്, സ്വന്തം വീടിന് മുന്നിൽ വെച്ചാണ് ഒരു പിതാവ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. തന്റെ വീടിന് പുറത്തുണ്ടായ ശബ്ദകോലാഹലങ്ങൾ കുറക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചോങ്തം വിക്രം മർദനത്തിരയായത്. സ്വന്തം രാജ്യത്ത് നടക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് ശേഷം, ഡൽഹിയിലെ ഓരോ വടക്കുകിഴക്കൻ കുടുംബവും നമ്മൾ ഇവിടെ സുരക്ഷിതരാണോ എന്ന് ചോദ്യമാണ് ചോദിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിലെ ആഷ്റാം മേഖലയിലെ കിലോകാരി വില്ലേജിലാണ് 54 കാരനായ സംഗീതാധ്യാപകൻ ആക്രമണത്തിന് ഇരയായത്. വീടിന് എതിർവശത്തുള്ള ധാബ ജീവനക്കാരും ഡെലിവറി ബോയ്സും ചേർന്ന് ബഹളമുണ്ടാക്കിയപ്പോൾ അത് നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ചോങ്തം വിക്രം താഴെ ഇറങ്ങിയത്. എന്നാൽ ഇത് ചോദ്യം ചെയ്ത അദ്ദേഹത്തെ ആളുകൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചോങ്തം വിക്രമിനെ മകൻ യായ്ഫാബ ഉടൻ തന്നെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ വീടിന് മുന്നിൽ ബഹളമുണ്ടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൊലക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും ഇതിനകം പിടികൂടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

