Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി തള്ളിയെന്ന് ഗർഭിണിയായ മാധ്യമ പ്രവർത്തക; കളവെന്ന് കോൺഗ്രസ്

text_fields
bookmark_border
rahul gandhi
cancel
camera_alt

മാധ്യമ പ്രവർത്തക റിച്ച പരാശർ, രാഹുൽ ഗാന്ധി

ന്യൂഡൽഹി: സുപ്രീംകോടതി പരിസരത്ത് ഇൻഡ്യ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ കയ്യേറ്റം ചെയ്തുവെന്ന ആരോപണവുമായി മാധ്യമ പ്രവർത്തക. മൂന്ന് മാസം ഗർഭിണിയാണെന്ന് അവകാശപ്പെടുന്ന വൺഇന്ത്യയിലെ റിപ്പോർട്ടർ റിച്ച പരാശറാണ് ആരോപണമുന്നയിച്ചത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജെപിയുടെ കെട്ടിച്ചമച്ച പ്രചാരണമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.

പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് റിച്ച പറയുന്നു. സുപ്രീംകോടതിയുടെ ഗേറ്റിന് സമീപം രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിനായി കാത്തുനിൽക്കവെ മൈക്ക് നീട്ടിയ തന്നെ രാഹുൽ ഗാന്ധി കൈയിൽ പിടിച്ച് ശക്തമായി വലിച്ചെന്നും തുടർന്ന് സുരക്ഷാ ജീവനക്കാർ തള്ളിയതോടെ പടിക്കെട്ടിലേക്ക് വീണെന്നുമാണ് വാദം. വീഴ്ചയിൽ വയറിലും കാൽമുട്ടിലും പരിക്കേറ്റു. കഴുത്തിലും കാലിലും വേദനയുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നും ഇവർ പറഞ്ഞു.

തന്നെ വീഴ്ത്തിയതിന് പിന്നാലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന തന്റെ ക്യാമറാമാനെയും തള്ളിയെന്നും റിച്ച ആരോപിച്ചു. മഞ്ഞ തൊപ്പി ധരിച്ച ആളാണ് തന്റെ ക്യാമറാമാൻ എന്നും അദ്ദേഹത്തെ തള്ളി മാറ്റിയെന്നും ഇവർ പറഞ്ഞു. തന്റെ ശബ്ദം പുറത്തുവരാതിരിക്കാൻ സ്ഥലത്ത് മുദ്രാവാക്യം വിളിച്ച് ബഹളം വെച്ചെന്നും സഹായിക്കാൻ ശ്രമിക്കാതെ തന്നെ കള്ളിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ഇവർ ആരോപിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും അതിൽ എല്ലാം വ്യക്തമാണെന്നുമാണ് റിച്ചയുടെ നിലപാട്. വീഴ്ചയിൽ ഫോണും മൈക്കും തകർന്നെന്നും ഇവർ പറഞ്ഞു.എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ അവ്യക്തവും ഇളകുന്നതുമാണെന്നും അതിൽ രാഹുൽ ഗാന്ധി തള്ളിയതായി തെളിയുന്നില്ലെന്നുമാണ് കോൺഗ്രസിന്റെ വാദം. ആരോപണത്തിൽ പൊരുത്തക്കേടുണ്ടെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ ചൂണ്ടിക്കാട്ടി. ഉച്ചക്ക് മൂന്നിനും നാലിനും ഇടയിൽ ആക്രമണം നടന്നുവെന്ന് പറയുമ്പോൾ ആശുപത്രിയിൽ പ്രവേശിക്കുന്നത് രാത്രി എട്ടരക്കാണെന്നും ഗർഭകാലത്ത് സാധാരണ ഒഴിവാക്കുന്ന എക്സ്-റേ എടുത്തുവെന്നും സഹോദരി ബിജെപി എംഎൽഎയുടെ ഓഫീസിലെത്തി പ്രചാരണം ഉണ്ടാക്കുകയായിരുന്നുവെന്നും ലാംബ ആരോപിച്ചു.

എന്നാൽ ആരോപണം തള്ളിയ റിച്ച താൻ എക്സ്-റേ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. താൻ ഗർഭിണിയാണെന്ന് തലേദിവസമാണ് വെളിപ്പെടുത്തിയതെന്നും അല്ലെങ്കിൽ ടീം ഫീൽഡിലേക്ക് അയക്കില്ലായിരുന്നുവെന്നും ഡോക്ടറുടെ അനുമതിയോടെയാണ് ജോലിക്കെത്തിയതെന്നും അവർ വ്യക്തമാക്കി.

വിഷയത്തിൽ കോൺഗ്രസിനെതിരെ ബിജെപിയും രംഗത്തെത്തി. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി മാധ്യമ പ്രവർത്തകയെ സന്ദർശിച്ചു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi Push Allegation
Next Story