വീണ്ടുമൊരു യാത്ര മനസിലുണ്ടെന്ന് രാഹുൽ ഗാന്ധി; ഇതൊരു തുടക്കം മാത്രം
text_fieldsശ്രീനഗർ: വീണ്ടുമൊരു യാത്ര മനസിലുണ്ടെന്ന് രാഹുൽ ഗാന്ധി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമായിരുന്നു ഈ യാത്ര. ലക്ഷക്കണക്കിന് മനുഷ്യരെ കണ്ടു. അവരുടെ സ്നേഹവും കരുത്തും അനുഭവിച്ചു. നിരവധി കാര്യങ്ങൾ പഠിച്ചു. കോൺഗ്രസ് പ്രവർത്തകരെക്കാൾ കൂടുതൽ സാധാരണക്കാരാണ് യാത്രയുടെ ഭാഗമായത്. അങ്ങനെ നോക്കുമ്പോൾ ഇതു ഇന്ത്യൻ യാത്രയാണെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്ര സമാപിച്ചു. എന്നാൽ, ഇതൊരു തുടക്കം മാത്രമാണ്. ബിജെപിയും ആർഎസ്എസും പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനെതിരായ പോരാട്ടം തുടരും. പടിഞ്ഞാറുനിന്നു കിഴക്കോട്ട് മറ്റൊരു യാത്രയെ കുറിച്ച് എനിക്കൊപ്പം നടന്നവർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അത്തരമൊരു യാത്ര എന്റെ മനസ്സിലുണ്ട്. എന്റെ പൂർവികർ കശ്മീരിൽ നിന്ന് അലഹാബാദിലേക്കു ചേക്കേറിയവരാണ്. അവർ അന്നു സഞ്ചരിച്ച വഴിയിലൂടെയുള്ള പിൻനടത്തമാണ് ഞാൻ നടത്തിയത്. ഞാൻ വീട്ടിലേക്കാണു നടന്നെത്തിയതെന്ന് പറയാമെന്നും രാഹുൽ പറഞ്ഞു.
കശ്മീരിൽ സുരക്ഷ മെച്ചപ്പെട്ടുവെന്നു കേന്ദ്ര സർക്കാർ അവകാശവാദം പൊള്ളയാണെന്ന് ഇവിടുത്തെ അനുഭവം സാക്ഷിയാണ്. തിരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങൾ തുടർച്ചയായി നടക്കുകയാണിവിടെ. സുരക്ഷാസ്ഥിതി മെച്ചപ്പെട്ടെങ്കിൽ ജമ്മുവിൽ നിന്ന് കശ്മീരിലെ ലാൽ ചൗക്കിലേക്ക് കേന്ദ്രമന്ത്രി അമിത് ഷാ എന്തുകൊണ്ടു നടക്കുന്നില്ലെന്ന് രാഹുൽ ചോദിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്നാണു കോൺഗ്രസിന്റെ നിലപാട്.
പ്രതിപക്ഷ കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നതു ശരിയാണ്. എന്നാൽ, ആർഎസ്എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിൽക്കുകതന്നെ ചെയ്യും. ലഡാക്കിൽ നിന്നുള്ള സംഘത്തെ കഴിഞ്ഞ ദിവസം ഞാൻ കണ്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ 2000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന കയ്യടക്കിയെന്ന് അവർ പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ മണ്ണിൽ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഈ രാജ്യത്തെ ഏകവ്യക്തി പ്രധാനമന്ത്രി മാത്രമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. രാജ്യമെമ്പാടും യാത്രയ്ക്ക് ജനങ്ങൾ നൽകിയ സ്വീകരണത്തിന് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

