കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം ലഭ്യമാക്കണം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക പാക്കേജിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിലെ പാക്കേജ് അപര്യാപ്തമാണ്. വായ്പകൾ കൊണ്ട് കാര്യമില്ലെന്നും കർഷകർക്കും തൊഴിലാളികൾക്കും അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭ്യമാക്കണമെന്നും രാഹുൽഗാന്ധി ഓൺലൈനിൽ നടത്തിയ സംവാദത്തിൽ പറഞ്ഞു.
രാജ്യത്തെ കർഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. അവരുടെ കൈയിൽ പണമില്ല. വായ്പയല്ല ഇപ്പോൾ ആവശ്യം. ഇവർക്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭ്യമാക്കണം.
മക്കൾക്ക് അപകടം സംഭവിക്കുമ്പോൾ മാതാപിതാക്കൾ വായ്പ നൽകുകയല്ല ചെയ്യാറ്. തങ്ങൾക്കുള്ളതെല്ലാം അവർ നൽകുകയാണ് ചെയ്യാറ്. അത്തരമൊരു സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്.
വിദേശ ഏജൻസികളുടെ റേറ്റിങ്ങിനെ കുറിച്ച് ഇപ്പോൾ ആശങ്കപ്പെടരുത്. കർഷകരും തൊഴിലാളികളും ചേർന്നാണ് രാജ്യത്തിന് റേറ്റിങ് ഉണ്ടാക്കുന്നത്. അവരാണ് രാജ്യത്തെ നിർമിച്ചെടുക്കുന്നത്. തൊഴിലാളികളെയും കർഷകരെയും ഇപ്പോൾ സഹായിച്ചില്ലെങ്കിൽ നമ്മുടെ സമ്പദ്ഘടനക്ക് നേരെനിൽക്കാൻ കഴിയില്ല.
രാജ്യത്തെ എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്. ആയിരക്കണക്കിന് തൊഴിലാളികൾ കാൽനടയായി അവരവരുടെ നാടുകളിലേക്ക് നീങ്ങുകയാണ്. ലോക്ഡൗൺ പിൻവലിക്കുന്നത് ജാഗ്രതയോടെ വേണം. ലോക്ഡൗണിനിടെ മരിച്ച എല്ലാവരുടെയും കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്നും രാഹുൽഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
