"സത്യം തുറന്നു പറഞ്ഞു; ജനം വേണ്ടത് ചെയ്യും"
text_fieldsന്യൂഡൽഹി : സംഘടിത ഹൈടെക് വോട്ടുകൊള്ളയുടെ തെളിവുകൾ പുറത്തുവിട്ട താങ്കൾ ഇതുമായി കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് അതിന് രാജ്യത്ത് ഭരണഘടന സ്ഥാപനങ്ങൾ ഉണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ പണി സർക്കാറിന് മേൽ സമ്മർദമുണ്ടാക്കലാണ്. ജനാധിപത്യം സംരക്ഷിക്കാൻ സ്ഥാപനങ്ങളുണ്ട്. അവ ഇടപെടണം. ദേശസ്നേഹിയായ പൗരൻ എന്നനിലയിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ‘വോട്ട് ചോരി’യെ തുറന്നു കാട്ടുന്നത്. സത്യം ജനങ്ങളോട് പറഞ്ഞു കഴിഞ്ഞു. ജനം വേണ്ടത് ചെയ്യുമെന്ന് രാഹുൽ ഓർമിപ്പിച്ചു.
ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നേയുള്ളൂ
രാവിലെ 10ന് തുടങ്ങേണ്ട വാർത്തസമ്മേളനത്തിന് ഒരു മണിക്കൂർ വൈകി എത്തിയതിന് ക്ഷമാപണം പറഞ്ഞ രാഹുൽ ഈ പൊട്ടിക്കുന്നത് ഹൈഡ്രജൻ ബോംബല്ലെന്നും പറഞ്ഞാണ് തുടങ്ങിയത്. ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നേയുള്ളൂ എന്ന് കൂട്ടിച്ചേർത്ത രാഹുൽ അതു പക്ഷേ നൂറുശതമാനം തെളിവുകൾ സമാഹരിച്ച് വസ്തുതകളെ കറുപ്പും വെളുപ്പും ആക്കി അവതരിപ്പിക്കാവുന്ന തരത്തിൽ ആയിരിക്കും എന്ന് പറഞ്ഞു. ഹൈഡ്രജൻ ബോംബിന് അടിത്തറയിടുന്നതാണ് ഇന്നത്തെ വാർത്തസമ്മേളനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരാണസി ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി
വാർത്ത ഏജൻസികളുടെ ലേഖകർക്ക് അനുവദിച്ച മൂന്നു ചോദ്യങ്ങൾ കൂടാതെ, മൈക്കില്ലാതെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകർക്കും രാഹുൽ മറുപടി നൽകി. അതിലൊന്നായിരുന്നു ഇതിനുപിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ആണെന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യം. ആരാണെന്ന് വഴിയേ അറിഞ്ഞുകൊള്ളുമെന്ന് രാഹുൽ മുന വെച്ച് മറുപടി നൽകി. വേദിവിട്ടിറങ്ങുമ്പോൾ വാരാണസിയിലെ ബോംബ് എന്ന് പൊട്ടിക്കും എന്ന് വിളിച്ചു ചോദിച്ച മാധ്യമപ്രവർത്തകരെ നോക്കി രാഹുൽ ചിരിക്കുകയും ചെയ്തു.
കമീഷനുള്ളിൽനിന്ന് വിവരം തരാനാളുണ്ട്
തെരഞ്ഞെടുപ്പ് കമീഷനുള്ളിൽനിന്ന് ഇപ്പോൾ തനിക്ക് ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകിത്തുടങ്ങിയെന്ന് രാഹുൽ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. അതിനാൽ കമീഷനുള്ളിലും ഇപ്പോൾ ആളുകൾ ഉണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കുള്ള ഒളിയമ്പ് എന്ന നിലക്ക് രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പ്കമീഷൻ ഉറങ്ങുകയല്ല. മറിച്ച് വോട്ടു കൊള്ളയെ സഹായിക്കുകയാണ്. ചോദിച്ച രേഖകൾ നൽകാതെ വോട്ടു കൊള്ളക്കാരെ ഗ്യാനേഷ് കുമാർ സഹായിക്കുമ്പോൾ ആ സത്യം വിളിച്ചു പറയുകയാണ് ഞാൻ ചെയ്യുന്നത്. താൻ പവർ പോയൻറ് പ്രസന്റേഷനിൽ അവതരിപ്പിച്ച കർണാടകയിലും മഹാരാഷ്ട്രയിലും മാത്രമല്ല, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ എല്ലാം ദശലക്ഷക്കണക്കിന് വോട്ടർമാരെ ആസൂത്രിതമായ തരത്തിൽ കേന്ദ്രീകൃതമായി വെട്ടിമാറ്റിയിട്ടുണ്ടെന്ന് രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

