ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക സംഗമം കടലാസ് പ്രഖ്യാപനം മാത്രമെന്ന് രാഹുൽ ഗാന്ധി; ധാമി സർക്കാരിനെതിരെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം കടലാസ് പ്രഖ്യാപനം മാത്രമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ഇരട്ട എൻജിൻ മോഡലിന്റെ പരാജയമാണ് ഈ സംഗമമെന്നും അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
3.56 ലക്ഷം കോടി രൂപയുടെ 1,779 ധാരണാപത്രങ്ങൾ ഒപ്പിട്ടതായി പ്രചരിപ്പിച്ച സംഗമത്തിനായി റോഡ് ഷോകളുടെ പേരിൽ 100 കോടിയോളം രൂപ പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പിന്നീട് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാർത്ഥ്യമായെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ ഈ കണക്കുകൾ പൊള്ളയാണെന്ന് ഒരു ഓൺലൈൻ മാധ്യമം നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ച് അദ്ദേഹം ആരോപിച്ചു.
നിക്ഷേപകരുടെ പട്ടികയിൽ ഗുരുതര ക്രമക്കേടുണ്ടെന്നാണ് പ്രധാന ആരോപണം. പ്രാദേശിക മാവ് മില്ലുകൾ, വളം-വിത്ത് വ്യാപാര സ്ഥാപനങ്ങൾ, ചെറിയ ക്ലിനിക്കുകൾ എന്നിവയെ വരെ വൻകിട നിക്ഷേപകരായി ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ പലർക്കും തങ്ങൾ നിക്ഷേപകരായി പരിഗണിക്കപ്പെട്ട വിവരം പോലും അറിയില്ല.
മൊത്തം നിക്ഷേപ അവകാശവാദത്തിന്റെ 35 ശതമാനത്തോളം വരുന്ന 35,279 കോടി രൂപ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുത കമ്പനികളുടെ പേരിലാണ്. സിഎസ്ആർ ഫണ്ടിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ 24.49 കോടിയുടെ നിക്ഷേപകനായും പട്ടികപ്പെടുത്തി. നാല് വർഷമായി വരുമാനമോ ജീവനക്കാരോ ഇല്ലാത്ത ഒരു കമ്പനിയെ 1,200 കോടിയുടെ നിക്ഷേപകനായി അവതരിപ്പിച്ചതായും രാഹുൽ പറഞ്ഞു.
ദുബായിലും ലണ്ടനിലുമായി നടത്തിയ റോഡ് ഷോകളിലൂടെ 27,975 കോടി രൂപയുടെ നിക്ഷേപം നേടിയെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആ നഗരങ്ങളിൽ നിന്നുള്ള ഒരു കമ്പനി പോലും ഉത്തരാഖണ്ഡിൽ നിക്ഷേപം നടത്തിയതായി രേഖകളിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗമത്തിന് ഏഴ് ദിവസം മുൻപ്, 2023 ഡിസംബർ ഒന്നിന് നിക്ഷേപം എന്നതിന്റെ നിർവചനം തന്നെ സർക്കാർ ലഘൂകരിച്ചതായും രാഹുൽ ആരോപിച്ചു. 3,300 നിക്ഷേപകരുടെ പൂർണ പട്ടിക മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"നിക്ഷേപം കടലാസിൽ മാത്രം, തൊഴിൽ പ്രഖ്യാപനങ്ങളിൽ മാത്രം. ഉത്തരാഖണ്ഡിലെ യുവതക്ക് ബാക്കിയാകുന്നത് ചോദ്യപേപ്പർ ചോർച്ചകൾ മാത്രം" എന്നായിരുന്നു രാഹുലിന്റെ വിമർശനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

