‘സത്യം എഴുതുന്നവരെയും സർക്കാറിനെ ചോദ്യം ചെയ്യുന്നവരെയും നിശബ്ദരാക്കുന്നു’; ഉത്തരഖണ്ഡിലെ പത്രപ്രവർത്തകന്‍റെ ദുരൂഹ മരണത്തിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഉത്തരഖണ്ഡിലെ പത്രപ്രവർത്തകൻ രാജീവ് പ്രതാപ് സിങ്ങിന്‍റെ ദുരൂഹ മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യം എഴുതുന്നവരെയും പൊതുജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെയും സർക്കാറിനെ ചോദ്യം ചെയ്യുന്നവരെയും ഭീഷണിയിലൂടെയും അക്രമത്തിലൂടെയും നിശബ്ദരാക്കി കൊണ്ടിരിക്കുകയാണെന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.
സംഭവം ദുരന്തപൂർണം മാത്രമല്ല ഭയപ്പെടുത്തുന്നതും കൂടിയാണെന്ന് രാഹുൽ പറഞ്ഞു. ദുരൂഹമായി മരിച്ച നിലയിൽ കണ്ടെത്തിയ രാജീവ് പ്രതാപ് സിങ്ങിന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അന്വേഷണം നിഷ്പക്ഷവും സുതാര്യവും ആയിരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 18ന് കാണാതായ രാജീവ് പ്രതാപ് സിങ്ങിന്റെ ഭൗതികശരീരം ജോഷിയാദ തടാകത്തിൽ നിന്നാണ് സെപ്റ്റംബർ 28ന് കിട്ടിയത്. നെഞ്ചിനും വയറ്റിനും ഏറ്റ ആന്തരിക പരിക്കാണ് പ്രതാപ് രാജിന്‍റെ മരണത്തിന് വഴിവെച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരണത്തിൽ ദുരൂഹത ഉയർന്നതോടെ അന്വേഷണത്തിനായി ഉത്തരാഖണ്ഡ് പൊലീസ് പ്രത്യേക സംഘം തന്നെ രൂപീകരിച്ചു. ഉത്തരകാശി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്‍റിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
സി.സി.ടിവി ദൃശ്യങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടെലിഫോൺ കോൾ റെക്കോഡ് അടക്കമുള്ളവ പ്രത്യേക സംഘം വിശദമായി പരിശോധിക്കും. രാജീവ് പ്രതാപ് സിങ്ങിന്‍റെ കാർ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
പ്രതാപ് രാജ് സിങ് റിപ്പോർട്ട് ചെയ്ത ചില വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദുരൂഹ മരണത്തിന്‍റെ സാഹചര്യത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെ സംഘടനകൾ രംഗത്തുണ്ട്.
സെപ്റ്റംബർ 18ന് രാത്രിയിൽ ഉത്തരകാശി ബസ് സ്റ്റാന്‍റിന് സമീപത്തെ ചൗഹാൻ ഹോട്ടലിൽ സുഹൃത്തിനൊപ്പം പ്രതാപ് രാജ് അത്താഴം കഴിച്ചിരുന്നു. തുടർന്ന് സുഹൃത്തിന്‍റെ കാറിൽ ഗംഗോരിയിലേക്ക് പോയി. രാത്രി 11.39ന് പ്രതാപ് രാജ് ഒറ്റക്ക് വാഹനം ഓടിച്ച് പോകുന്നത് സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
പിറ്റേദിവസം, സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ അകലെ കാർ കണ്ടെത്തി. വാഹനത്തിൽ നടത്തിയ പരിശോധനയിൽ പ്രതാപ് രാജിന്‍റെ ചെരുപ്പുകൾ കണ്ടെടുത്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

