Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജനാധിപത്യത്തിന്‍റെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടം...’; മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ച ഡിഎംകെയോട് രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനത്തിൽ പുനരാലോചന നടത്തണമെന്ന് ഡി.എം.കെ നേതൃത്വത്തോട് അഭ്യർഥിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന പോരാട്ടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ ബില്ലുകളെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.

‘ഇത് ജനാധിപത്യത്തിന്റെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടമാണ്. ആരൊക്കെയാണ് ജനാധിപത്യത്തെ സംരക്ഷിക്കുന്നതെന്നും അല്ലെന്നും വ്യക്തമാകും. രാജ്യത്തെക്കുറിച്ച് ചിന്തിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും ഈ കുറ്റവാളികൾക്കെതിരെ പോരാടാനും എല്ലാവരോടും അഭ്യർഥിക്കുന്നു. ഒടുവിൽ നമ്മൾ വിജയിക്കും. അവർക്ക് വോട്ടുകൾ മോഷ്ടിക്കാനും മണ്ഡലങ്ങൾ പുനർനിർണയിക്കാനും കഴിഞ്ഞേക്കാം. എന്നാൽ ഒരു ദിവസം അവർ പരാജയപ്പെടും. കാത്തിരിപ്പ് നീളുന്തോറും പ്രശ്നം വഷളാകും. ജനങ്ങളുടെ രോഷം വർധിക്കുകയാണ്. മോദിജിക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ല. ബി.ജെ.പി എന്തു ചെയ്താലും ജനങ്ങൾക്കിടയിലെ ഈ വികാരം തടയാനാകില്ല’ -രാഹുൽ ഗാന്ധി പറഞ്ഞു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), പവൻ കല്യാണിന്റെ ജനസേന പാർട്ടി (ജെ.എസ്.പി) തുടങ്ങിയ ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ സഖ്യകക്ഷികളോടും മണ്ഡല പുനർനിർണയ നീക്കത്തിനുള്ള പിന്തുണ പിൻവലിക്കണമെന്ന് രാഹുൽ അഭ്യർഥിച്ചു. അതേസമയം, കോൺഗ്രസിന്റെ അടുത്ത സഖ്യകക്ഷിയായ എൻ.സി.പി (എസ്.പി) മണ്ഡല പുനർനിർണയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർക്ക് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം പുനർനിർണയിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുന്ന നീക്കമാണ് കേന്ദ്രസർക്കാറിന്റേതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈ അണ്ണാ അറിവാലയത്തിൽ ചേർന്ന പാർട്ടി എം.പിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണക്കാൻ ഡി.എം.കെ തീരുമാനിച്ചത്. നേരത്തെ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ നിലപാട് മാറ്റിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി.

എല്ലാ സംസ്ഥാനങ്ങൾക്കും ലോക്സഭ സീറ്റുകളിൽ 50 ശതമാനം വർധനയും 2051 വരെ സംസ്ഥാനങ്ങളുടെ നിലവിലെ സീറ്റ് അനുപാതം സംരക്ഷിക്കാനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ടെന്നാണ് ഡി.എം.കെയുടെ വിശദീകരണം. 2024 മുതൽ പാർട്ടി ഉന്നയിച്ച രണ്ട് പ്രധാന ആവശ്യങ്ങളും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയതായും ഇത് തമിഴ്നാടിന്റെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും സ്റ്റാലിൻ പറഞ്ഞു. നിലവിൽ ലോക്സഭയിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം 7.18 ശതമാനമാണ്. പുതിയ നിർദേശപ്രകാരം ഇത് 7.21 ശതമാനമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികാരപരമായല്ല, ദീർഘകാല പ്രത്യാഘാതങ്ങൾ വിലയിരുത്തിയാണ് പുതിയ തീരുമാനമെടുത്തതെന്ന് എം.പിമാരുടെ യോഗത്തിൽ സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്റെ താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതിന്റെ ഫലമാണ് പുതിയ ബില്ലിലെ വ്യവസ്ഥകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിർണയം ജനസംഖ്യാ അടിസ്ഥാനത്തിൽ നടപ്പാക്കിയാൽ ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുമെന്ന ആശങ്കയിലായിരുന്നു ഡി.എം.കെ നേരത്തെ ബില്ലിനെ എതിർത്തത്. ഏപ്രിലിൽ അവതരിപ്പിച്ച മുൻ ബില്ലിനെതിരെ ഡി.എം.കെ പരസ്യമായി പ്രതിഷേധിക്കുകയും പാർലമെന്റിൽ ബിൽ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഡി.എം.കെയുടെ പിന്തുണ രാഷ്ട്രീയ കാരണങ്ങളാലല്ലെന്നും തമിഴ്നാടിനും രാജ്യത്തിനും ഗുണകരമായ പ്രായോഗിക തീരുമാനമാണിതെന്നും പാർട്ടി ലോക്സഭാ കക്ഷി നേതാവ് എ. രാജ വ്യക്തമാക്കി. ഡി.എം.കെക്ക് ലോക്സഭയിൽ 22 എം.പിമാരും രാജ്യസഭയിൽ എട്ട് എം.പിമാരുമുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Rahul Gandhi On DMK's Support For Delimitation
Next Story