'വലിയ നെഞ്ചുണ്ടായാൽ ശക്തനാകില്ല' മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ബെഗുസാരായി (ബിഹാർ): പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭയപ്പെട്ടെന്നും വൻകിട ബിസിനസുകാരുടെ റിമോട്ട് കൺട്രോൾ ആണ് മോദിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വലിയ നെഞ്ച് ശക്തനാക്കില്ലെന്നും ദുർബലശരീരഘടനയുള്ള മഹാത്മാഗാന്ധി സൂപ്പർ പവറുകളായ ബ്രിട്ടീഷുകാരെ നേരിട്ടുവെന്നും ബെഗുസാരായി ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ വിമർശിച്ചു.
56 ഇഞ്ച് നെഞ്ചളവുള്ള മോദി ഓപറേഷൻ സിന്ദൂറിനിടെ ട്രംപ് വിളിച്ചപ്പോൾ പേടിച്ചു. പാകിസ്താനുമായുള്ള സൈനിക സംഘർഷം രണ്ടു ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തെന്ന് രാഹുൽ ഗാന്ധി കളിയാക്കി. ട്രംപിനെ ഭയപ്പെടുന്ന മോദിയെ അംബാനിയും അദാനിയും റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
1971ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അമേരിക്ക ഭീഷണിപ്പെടുത്തിയെങ്കിലും അവർ ഭയപ്പെടാതെ കാര്യങ്ങൾ ചെയ്തു എന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ മോദി സർക്കാറിന്റെ എല്ലാ തീരുമാനങ്ങളും ചെറുകിട കച്ചവടക്കാരെ നശിപ്പിക്കാനും വൻകിടക്കാർക്ക് നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ബിഹാറിൽ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ഏതെങ്കിലും പ്രത്യേക ജാതിക്കല്ല, എല്ലാ വിഭാഗത്തിനുംവേണ്ടിയുള്ള സർക്കാർ രൂപവത്കരിക്കുമെന്ന് രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

