ജന്തർ മന്തറിലെ വൈറൽ താരം ഇർഫാനെ സന്ദർശിച്ച് രാഹുൽ ഗാന്ധി
text_fields
ഇർഫാനുമായി സംസാരിക്കുന്ന രാഹുൽ ഗാന്ധി. ഇർഫാന്റെ സഹോദരി സമീപം
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ ഭരണഘടനയുടെ ആമുഖം ചൊല്ലിയും അഹമ്മദ് ഫറാസിന്റെ കവിതകൾ ചൊല്ലിയും ലേബർ കോഡ് ഉൾപ്പെടെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ വിശദീകരിച്ചും സമൂഹ മാധ്യമത്തിൽ തരംഗമായി മാറിയ തെരുവ് കച്ചവടക്കാരൻ മുഹമ്മദ് ഇർഫാനെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഡൽഹിയിലെ സാവ്ദ ജെജെ കോളനിയിൽ താമസിക്കുന്ന ഇർഫാന് രാഷ്ട്രീയ പശ്ചാത്തലമോ ഔപചാരിക വിദ്യാഭ്യാസമോ ലഭിച്ചിട്ടില്ല. സമരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോളാണ് ഇർഫാൻ കാര്യങ്ങൾ വിശദീകരിച്ചത്.
രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് നിരവധി പേർ ഇർഫാന്റെ അഭിമുഖങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ, തിങ്കളാഴ്ച രാത്രിയാണ് രാഹുൽ ഇർഫാന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെയും തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമെന്ന് കൂടിക്കാഴ്ചയിൽ ഇർഫാൻ പറഞ്ഞു. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല, രാജ്യത്തിന്റെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. രാജ്യം വളരുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭിക്കണം, ആരും ഒഴിവാക്കപ്പെടരുത്.
സർക്കാർ രേഖകളിൽ കുറഞ്ഞ വേതനം 18,000 രൂപയാണെങ്കിലും തൊഴിലാളികൾക്ക് 13,000-14,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും ഇർഫാൻ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. സ്കൂളിൽ പോകാത്ത താൻ സ്മാർട്ട്ഫോണിലൂടെ യൂട്യൂബും ഗൂഗ്ൾ വോയ്സ് സേർച്ചും ഉപയോഗിച്ചാണ് കാര്യങ്ങൾ മനസ്സിലാക്കുന്നതെന്ന് ഇർഫാൻ പറഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കിടെ പ്രിയങ്ക ഗാന്ധി ഇർഫാനെ വിഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. സാഹചര്യങ്ങളെ അതിജീവിച്ച ചിന്താഗതിക്കാരനാണ് ഇർഫാനെന്ന് കൂടിക്കാഴ്ചയുടെ വിവിധ ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

