ദേശവിരുദ്ധ സോറോസ് ഏജന്റുമാരുമായി ഒരു ചാറ്റ്'; മോദി സർക്കാറിനെയും സി.ബി.എസ്.ഇയേയും പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ വീഡിയോ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ ഉത്തരക്കടലാസുകൾ മാറി വിതരണം ചെയ്തതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപക ആക്ഷേപത്തിന് ഇരയായ വിദ്യാർഥിയെ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "ദേശവിരുദ്ധർ", "പാകിസ്താൻ", "സോറോസ് ഏജന്റുമാർ" എന്നിങ്ങനെ മുദ്രകുത്തപ്പെട്ട വിദ്യാർഥികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചയും സംഭാഷണവും കേന്ദ്രസർക്കാരിനെതിരെയുളള പരിഹാസം കൂടിയായി.
വിഷയത്തിൽ എക്സിൽ ആദ്യം പരാതി ഉന്നയിച്ച ഡൽഹി സ്വദേശിയായ 12-ാം ക്ലാസ് വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയുമായും സഹോദരനും സുഹൃത്തുക്കളുമായാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. "എന്റെ സഹ 'ദേശവിരുദ്ധ സോറോസ് ഏജന്റുമാരുമായുള്ള' ഒരു വെളിപ്പെടുത്തൽ സംഭാഷണം" എന്ന അടിക്കുറിപ്പോടെ വിദ്യാർഥികളുമായുള്ള സംഭാഷണത്തിന്റെ വീഡിയോ രാഹുൽ എക്സിൽ പങ്കുവെച്ചു.
"ഈ 'ദേശവിരുദ്ധരുടെ' മുഖങ്ങൾ കാണിക്കൂ... ഈ 'ഭീകരർ'!" രാഹുൽ ഗാന്ധി പറയുന്നത് വീഡിയോയിൽ കാണാം. പരസ്യമായി വിഷയം ഉന്നയിച്ചതിന് ശേഷം താൻ നേരിട്ട തിരിച്ചടി വേദാന്ത് ഓർമ്മിക്കുന്നതും രാഹുൽ ഗാന്ധി പങ്കിട്ട വീഡിയോയിൽ കാണാം. "അവർ ഞങ്ങളെ ദേശവിരുദ്ധരും പാകിസ്ഥാനികളും എന്ന് വിളിക്കാൻ തുടങ്ങി,""ഡീപ് സ്റ്റേറ്റ് ഏജന്റുമാരാണ് ഞങ്ങൾ എന്ന് ചിലർ പറഞ്ഞു". വിദ്യാർഥി പറഞ്ഞു. ഇക്കാര്യങ്ങൾ അവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം.
"വേദാന്തും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മിടുക്കരും ധീരരുമായ യുവ ഇന്ത്യക്കാരാണ്, അവർ സി.ബി.എസ്.ഇയോടും മോദി സർക്കാരിനോടും ലളിതമായ ചോദ്യങ്ങൾ ചോദിച്ചു. പക്ഷേ ഉത്തരങ്ങൾക്ക് പകരം അപമാനങ്ങൾ മാത്രമാണ് ലഭിച്ചത്. അവർ ശോഭനവും സുരക്ഷിതവുമായ ഒരു ഭാവി അർഹിക്കുന്നു. അവർക്ക് അത് ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
വേദാന്തിന്റെ സി.ബി.എസ്.ഇ അയച്ചുകൊടുത്ത ഉത്തരക്കടലാസ് മാറിപ്പോയെന്നായിരുന്നു പരാതി. തനിക്ക് ലഭിച്ച ഫിസിക്സ് ഷീറ്റ് തന്റെ ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് ഉത്തരക്കടലാസുകളിൽ നിന്നും കൈയെഴുത്ത് കുറിപ്പുകളിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമാണെന്ന് വിദ്യാർഥി പറഞ്ഞു. ഇത് വ്യക്തമാക്കി എക്സിൽ ഇട്ട പോസ്റ്റ് 2.5 ദശലക്ഷം ആളുകൾ കണ്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സി.ബി.എസ്.ഇ ബോർഡ് ഉത്തരപുസ്തകത്തിന്റെ ശരിയായ പകർപ്പ് നൽകി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഒരു വിഭാഗം വിദ്യാർഥിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഒരു ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടു. ഒരു ടി.വി അവതാരകൻ "പാകിസ്താൻ" എന്ന് പോസ്റ്റ് ചെയ്തു.
സി.ബി.എസ്.ഇ വിജയശതമാനത്തിലെ ഇടിവ് ഒ.എസ്.എം സിസ്റ്റത്തിന്റെ അപാകതയായും വിലയിരുത്തപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും വേദാന്തിന്റെ ബ്ലോഗ് പങ്കിട്ട് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

