എല്ലാം മാധ്യമ സൃഷ്ടി, നേതൃമാറ്റ ചർച്ചകൾ തള്ളി വീണ്ടും സിദ്ധരാമയ്യ; മാധ്യമങ്ങളോട് സംസാരിക്കാതെ ശിവകുമാർ, രാഹുലുമായി കൂടിക്കാഴ്ച നടത്തി
text_fieldsമൈസൂരു: അധികാര കൈമാറ്റ ചർച്ചകൾക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. തമിഴ്നാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പോകുന്ന വഴി മൈസൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഗൂഡല്ലൂരിലേക്ക് പോകുന്നതിനു മുമ്പായി രാഹുലുമായി ഇരുവരും അരമണിക്കൂറോളം ചർച്ച നടത്തി. കഴിഞ്ഞ നവംബറിൽ കോൺഗ്രസ് സർക്കാർ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് അധികാര കൈമാറ്റ ചർച്ചകൾ സജീവമായത്. സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി ശിവകുമറിന്‍റെ വിശ്വസ്തരായ ഒരുവിഭാഗം എം.എൽ.എമാർ രംഗത്തുവരികയായിരുന്നു. ഡൽഹിയിലെത്തി ഹൈകമാൻഡുമായും എം.എൽ.എമാർ ചർച്ച നടത്തി. 2023ൽ സർക്കാർ രൂപവത്കരണ സമയത്ത് രണ്ടര വർഷത്തിനുശേഷം ശിവകുമാറിന് മുഖ്യമന്ത്രി പദവി കൈമാറാമെന്ന് അനൗപചാരിക കരാറുണ്ടെന്നാണ് എം.എൽ.എമാരുടെ വാദം.
എന്നാൽ, ഇതെല്ലാം സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. നേതാക്കൾ പരസ്യ പ്രതികരണങ്ങളുമായി രംഗത്തുവന്നതോടെ ഹൈകമാൻഡ് ഇടപെടുകയും ഇത്തരം പ്രസ്താവനകൾ വിലക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൈസൂരുവിൽ രാഹുലുമായുള്ള കൂടിക്കാഴ്ച. പാർട്ടിയിൽ തർക്കങ്ങളില്ലെന്നും മാധ്യമങ്ങൾ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. നേതൃമാറ്റ ചർച്ചകളൊന്നും നടന്നിട്ടില്ല. താനോ, ശിവകുമാറോ പരിഹരിക്കേണ്ട എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. മറ്റുള്ളവരുടെ പ്രസ്താവകൾ കാര്യമാക്കുന്നില്ല. ഹൈകമാൻഡിന്‍റെ ഏതുതീരുമാനവും അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
കൂടിക്കാഴ്ചക്കു പിന്നാലെ രാഹുൽ ഗൂഡല്ലൂരിലേക്ക് പോയി. മാധ്യമങ്ങളുമായി സംസാരിക്കാൻ നിൽക്കാതെ ശിവകുമാറും വേഗത്തിൽ മടങ്ങി. നേരത്തെ, ഹൈകമാൻഡ് നിർദേശ പ്രകാരം പ്രശ്ന പരിഹാരത്തിനായി സിദ്ധരാമയ്യയും ശിവകുമാറും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ശിവകുമാറിനു മുഖ്യമന്ത്രി പദം കൈമാറുമെന്ന അഭ്യൂഹങ്ങൾ സിദ്ധരാമയ്യ നേരത്തെയും തള്ളിയിരുന്നു. രണ്ടര വർഷത്തിനുശേഷം അധികാരം കൈമാറണമെന്ന തരത്തിൽ കരാർ ഉണ്ടാക്കിയിട്ടില്ലെന്നും ഹൈക്കമാൻഡ് തീരുമാനം വരുംവരെ മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യ പലതവണ വ്യക്തമാക്കിയതാണ്.
മുഖ്യമന്ത്രി പദത്തിൽ മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്നും 2028ൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

