‘ഇൻഡോറിലെ മരണങ്ങൾക്ക് കാരണം സർക്കാറിന്റെ അശ്രദ്ധ’; മലിനജലം കുടിച്ച രോഗികളെ സന്ദർശിച്ച് രാഹുൽ
text_fieldsഇൻഡോർ: ഇൻഡോറിലെ മലിന ജലം കുടിച്ച് രോഗബാധിതരായി ആശുപത്രിയിൽ കഴിയുന്ന രോഗികളെയും മരണമടഞ്ഞവരുടെ കുടുംബത്തെയും സന്ദർശിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വകാര്യ ആശുപത്രിയായ ബോംബെ ആശുപത്രിയിൽ ഛർദ്ദിയും വയറിളക്കവും ബാധിച്ച രോഗികളെ അദ്ദേഹം കണ്ടു. ഇൻഡോറിലെ കുടിവെള്ള പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിച്ച രാഹുൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന നഗരത്തിലെ മലിനജലവുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാറിന്റെ അശ്രദ്ധയെ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ നഗര മാതൃകയുടെ പരാജയം എന്ന് വിശേഷിപ്പിച്ച സംഭവത്തിന്റെ വിമർശനമായി മാറി ദുരിതബാധിത കുടുംബങ്ങളിലേക്കും രോഗികളിലേക്കുമുള്ള അദ്ദേഹത്തിന്റെ സന്ദർശനം. ചികിത്സയിൽ കഴിയുന്ന നാലു രോഗികളുമായി അദ്ദേഹം സംസാരിച്ചു. കുടുംബാംഗങ്ങളോട് അവരുടെ അവസ്ഥയെക്കുറിച്ച് തിരക്കി. ശേഷം, കഴിഞ്ഞ മാസം പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത പ്രദേശമായ ഭഗീരത്പുര സന്ദർശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടു.
ശുദ്ധജലം പൊതു അവകാശമാണെന്ന് രാഹുൽ പറഞ്ഞു. സ്മാർട്ട് സിറ്റികളെയും നഗരവികസനത്തെയും കുറിച്ചുള്ള അവകാശവാദങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. ഒരു മാതൃകാ നഗരമായി ഉയർത്തിക്കാട്ടപ്പെടുന്ന ഇൻഡോറിന് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നും അധികൃതർ ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും സർക്കാറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആളുകൾക്ക് ശുദ്ധജലം നൽകുകയും മലിനീകരണം കുറക്കുകയും ചെയ്യേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ സർക്കാർ ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

