കളത്തിലിറങ്ങി രാഹുൽ; ജി 23 നേതാക്കളുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു
text_fieldsന്യൂഡല്‍ഹി: പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ കോണ്‍ഗ്രസിലെ ജി 23 വിമത നേതാക്കളുമായി ഒടുവിൽ കൂടിക്കാഴ്ചക്ക് രാഹുല്‍ ഗാന്ധി ഒരുങ്ങിയെന്ന് സൂചന. സോണിയ ഗാന്ധിയുമായുള്ള ചർച്ചക്കു ശേഷം വിമത നേതാക്കൾ നിശ്ശബ്ദത പാലിക്കുന്ന സാഹചര്യത്തിൽ അവരുടെ തന്നെ നിർദേശപ്രകാരമാണ് രാഹുലിന്‍റെ നീക്കമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സംഘടന തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായാണ് ഇത്തരമൊരു നീക്കം. വിമതർ ഏറ്റവും കൂടുതൽ വിയോജിപ്പും അതൃപ്തിയും പ്രകടിപ്പിക്കുന്നത് രാഹുലിന്‍റെ പ്രവർത്തനരീതിയോടാണ്. സോണിയ ഗാന്ധിക്കുശേഷം രാഹുൽ കൈകാര്യകർതൃത്വം തുടങ്ങിയതോടെ പാർട്ടി കൂടിയാലോചനകളിൽ പരിഗണന നൽകുന്നില്ലെന്നാണ് വിമതരുടെ പരാതി.ഇവരുമായുള്ള ചർച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുമുമ്പ് നടന്നേക്കുമെന്നാണ് പറയുന്നത്.
ഈ മാസാവസാനം നടത്താൻ നിശ്ചയിച്ച ചിന്തന്‍ശിബിരത്തിനുള്ള അജണ്ടകളും വിമതരുമായി ചര്‍ച്ചചെയ്യുമെന്ന് സൂചനകളുണ്ട്. ജി 23 നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി കഴിഞ്ഞദിവസം ദീപേന്ദ്ര ഹൂഡ അടക്കമുള്ള നേതാക്കളെ രാഹുല്‍ കണ്ടിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയെ തുടർന്ന് വിമത നേതാക്കളിൽ ചിലർ നേതൃമാറ്റം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനുശേഷം വിമത നേതാക്കൾ യോഗംചേർന്ന് സോണിയ ഗാന്ധിയെ കാണാൻ തീരുമാനിക്കുകയും ഗുലാം നബി-സോണിയ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. സോണിയ നൽകിയ ഉറപ്പിനെ തുടർന്ന് വെടിനിർത്തലിന് തയാറായ വിമതരെ കൂടുതൽ പാർട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് രാഹുൽ കണ്ടേക്കുമെന്ന വാർത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

