Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനെയും...

രാഹുലിനെയും കെജ്രിവാളിനെയും പൊലീസ് തടഞ്ഞു

text_fields
bookmark_border
രാഹുലിനെയും കെജ്രിവാളിനെയും പൊലീസ് തടഞ്ഞു
cancel

ന്യൂഡല്‍ഹി: പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിലെ അപാകത തീര്‍ക്കാന്‍ ആവശ്യപ്പെടുന്ന നിവേദനം പ്രതിരോധമന്ത്രിയെ കണ്ട് നല്‍കുന്നതിന് അവസരം കിട്ടാത്തതില്‍ മനംനൊന്ത് ഹരിയാന സ്വദേശിയായ മുന്‍ സൈനികന്‍ ഡല്‍ഹിയില്‍ വിഷം കഴിച്ചു മരിച്ചു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ മുന്‍ സൈനികര്‍ പ്രക്ഷോഭം നടത്തുന്നതിനിടെയുണ്ടായ ആത്മഹത്യ കേന്ദ്ര സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കി.

ഹരിയാന ഭിവാനിയിലെ ബംല ഗ്രാമക്കാരനായ റിട്ട. സുബേദാര്‍ രാംകിഷന്‍ ഗ്രെവാള്‍ (70) ആണ് ആത്മഹത്യ ചെയ്തത്. നെല്ലിന് അടിക്കുന്ന കീടനാശിനി കുടിച്ച് ജന്തര്‍മന്തറിനു സമീപത്തെ സര്‍ക്കാര്‍ കെട്ടിടവളപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ മുന്‍ സൈനികനെ സമരക്കാരായ മറ്റുള്ളവര്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.

സൈനികക്ഷേമത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുവെന്ന പ്രചാരണത്തിനിടയിലാണ് മുന്‍ സൈനികന്‍ ജീവനൊടുക്കിയത്. കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന രാഷ്ട്രീയ പ്രശ്നമായി ഇത് കത്തിപ്പടര്‍ന്നിട്ടുണ്ട്. സൈനികന്‍ മരിച്ചതിനെതുടര്‍ന്ന് ബന്ധുക്കളെ കാണാന്‍ ആശുപത്രിയിലത്തെിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പൊലീസ് തടഞ്ഞു. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ രാഹുലിനെ 70 മിനിറ്റിനുശേഷം വിട്ടയച്ചു. എന്നാല്‍, വീണ്ടും രാംകിഷന്‍െറ ബന്ധുക്കളെ കാണാന്‍ എത്തിയ രാഹുലിനെ രണ്ടാം തവണയും പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, അജയ് മാക്കന്‍ എന്നിവരെയും പൊലീസ് വാനില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

പ്രതിരോധമന്ത്രി മനോഹര്‍ പരീകറെ കണ്ട് നിവേദനം നല്‍കാനും പെന്‍ഷന്‍ പ്രശ്നം പരിഹരിക്കാനും കഴിയാത്ത മന$പ്രയാസംകൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് നിവേദനത്തിനു ചുവട്ടില്‍ രാംകിഷന്‍ എഴുതിവെച്ചിരുന്നു. പ്രതിരോധമന്ത്രിക്ക് നിവേദനം നല്‍കാന്‍ ഹരിയാനയില്‍നിന്നുള്ള മുന്‍ സൈനികര്‍ സംഘമായി തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ എത്തിയത്. അന്നും പിറ്റേന്നും സൗത് ബ്ളോക്കിലെ പ്രതിരോധ മന്ത്രാലയത്തിലത്തെി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ളെന്ന് ഗ്രെവാളിന്‍െറ സുഹൃത്ത് ജഗ്ദീഷ് റായ് പറഞ്ഞു.

അടുത്ത വഴി ചര്‍ച്ചചെയ്യാന്‍ സംഘം ചൊവ്വാഴ്ച ഒന്നോടെ ജന്തര്‍മന്തറില്‍ തിരിച്ചത്തെി. മറ്റുള്ളവരോട് ഭക്ഷണം കഴിക്കാനും നടന്നിട്ടു വരാമെന്നും പറഞ്ഞ് രാംകിഷന്‍ പോയി. പിന്നീടാണ് കീടനാശിനി കഴിച്ചത്. ആവശ്യം നടത്തിയിട്ടേ മടക്കമുള്ളൂവെന്ന് നാട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ പിതാവ് പറഞ്ഞതായി രാംകിഷന്‍െറ മകന്‍ ജസ്വന്ത് പറഞ്ഞു. രാംകിഷന് ഭാര്യയും ഏഴു മക്കളുമുണ്ട്. ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കൂട്ടാക്കാതെ വന്നപ്പോഴാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉപമുഖ്യമന്ത്രിക്കുപോലും ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍പ്പേടിയാണ് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

Show Full Article
TAGS:Army Veteran's Death 
News Summary - Rahul Gandhi, Manish Sisodia Detained Amid Politics Over Army Veteran's Death
Next Story