വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ ബിഹാർ തലസ്ഥാനത്ത് ‘മഹാഗത്ബന്ധൻ’ മാർച്ച്
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പട്‌നയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് ‘മഹാഗത്ബന്ധൻ’ മാർച്ച് നടത്തി.
സംസ്ഥാന തലസ്ഥാനത്ത് എത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവിനൊപ്പം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ. എം ജനറൽ സെക്രട്ടറി എം.എ ബേബി മറ്റ് പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കൾ എന്നിവരും ഉണ്ടായിരുന്നു. പട്‌നയിലെ ഇൻകം ടാക്സ് ഓഫിസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ രാഹുലും മറ്റ് നേതാക്കളും വാഹനത്തിലേറിയാണ് പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ, കുടിയേറ്റക്കാർ, ദലിതർ, മഹാദലിതർ, ദരിദ്രരായ വോട്ടർമാർ എന്നിവരുടെ വോട്ടവകാശം കവർന്നെടുക്കുകയാണ്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടുകൾ തടയാനുള്ള ഗൂഢാലോചനയാണിതെന്നും പട്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാഹുൽ പറഞ്ഞു.
തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ തേജസ്വി യാദവ് എസ്.ഐ.ആറിനെയും പുതിയ തൊഴിൽ കോഡിന്റെ നടപ്പാക്കലിനെയും വിമർശിച്ചിരുന്നു.
രാജ്യവ്യാപകമായി മിനിമം വേതനവും തൊഴിൽ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് 10 കേന്ദ്ര ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
‘മഹാഗത്ബന്ധൻ’ ആഹ്വാനം ചെയ്ത് സംസ്ഥാന വ്യാപക ബന്ദ് നടപ്പിലാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ തെരുവിലിറങ്ങിയതിനാൽ ബിഹാറിന്റെ ചില ഭാഗങ്ങളിൽ റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെട്ടു. പട്നയിലെ മഹാത്മാഗാന്ധി സേതുവിൽ ടയറുകൾ കത്തിച്ച് നിരവധി പാർട്ടി പ്രവർത്തകർ റോഡ് ഗതാഗതം തടസ്സപ്പെടുത്തി.
സോൻപൂരിൽ ആർ.ജെ.ഡി എം.എൽ.എ മുകേഷ് റോഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കനത്ത പോലീസ് സന്നാഹവും ഉണ്ടായിരുന്നു. ജെഹനാബാദിൽ ആർ.ജെ.ഡിയുടെ യുവജന വിഭാഗത്തിലെ വിദ്യാർഥികൾ റെയിൽവേ ട്രാക്കുകൾ കയ്യേറി ട്രെയിൻ സർവിസുകൾ തടസ്സപ്പെടുത്തി.
പരിഷ്കരണം തിടുക്കത്തിൽ നടത്തുന്നത് വോട്ടർ പട്ടികകളിൽ പ്രത്യേക മാറ്റങ്ങൾ വരുത്തി ഭരണകക്ഷിയായ എൻ.ഡി.എക്ക് നേട്ടമുണ്ടാക്കാനാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ബിഹാർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, സി.പി.ഐ (എം.എൽ) ലിബറേഷൻ, സി.പി.എം പ്രവർത്തകർ ടയറുകൾ കത്തിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

