ജനകീയ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാൻ ‘സത്യാഗ്രഹ’; ഡിജിറ്റൽ വെബ്സൈറ്റ് അവതരിപ്പിച്ച് രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെയും സമരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റഫോമിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ വെബ്സൈറ്റ് അവതരിപ്പിച്ച് രാഹുൽ ഗാന്ധി. ‘സത്യാഗ്രഹ’ എന്ന പേരിൽ അവതരിപ്പിച്ച ഈ പ്ലാറ്റ്‌ഫോം, വിവിധ ആവശ്യങ്ങൾക്കായി പോരാടുന്ന സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മഹാത്മാ ഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ഈ വെബ്‌സൈറ്റിന് തുടക്കമിട്ടിരിക്കുന്നത്.
അനീതിക്കെതിരെ ഒറ്റക്ക് പോരാടുന്ന ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് രാഹുൽഗാന്ധി വ്യക്തമാക്കുന്നത്. സമരരംഗത്തുള്ളവർക്ക് തങ്ങളുടെ സമരത്തിന്റെ വിശദാംശങ്ങളും കാരണങ്ങളും ഈ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. ഇതിലൂടെ രാജ്യത്ത് സമാനമായ ആവശ്യങ്ങളുമായി നടക്കുന്ന മറ്റ് പോരാട്ടങ്ങൾ ഏതൊക്കെയാണെന്ന് ഒരു ഇന്ററാക്ടീവ് മാപ്പ് വഴി കണ്ടെത്താനും ജനങ്ങൾക്ക് സാധിക്കും.
വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദലിതർ, സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നതിനാലാണ് അവയെ ഏകോപിപ്പിക്കാൻ ഈ സംവിധാനം ഒരുക്കിയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഈ സമരങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെബ്‌സൈറ്റ് തുടങ്ങി മണിക്കൂറുകൾക്കകം തന്നെ നൂറിലധികം രജിസ്‌ട്രേഷനുകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ ഭൂരിഭാഗവും വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കും ചോദ്യപേപ്പർ ചോർച്ചക്കുമെതിരെയുള്ള വിദ്യാർഥി പ്രതിഷേധങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

