‘56 ഇഞ്ച് എവിടെപ്പോയി? ബി.ജെ.പി സർക്കാറിന്റെ കാലാവധി തീരാനായി’; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വോട്ടു കൊള്ള ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും നിയമനടപടി നേരിടേണ്ടിവരുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി സർക്കാറിന്റെ കാലാവധി കഴിയാറായെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ മർഗാവിൽ ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുകൊള്ളക്ക് പിന്നിൽ മൂവരും ഉൾപ്പെട്ട ആസൂത്രിത നീക്കമുണ്ടെന്നാണ് രാഹുലിന്റെ ആരോപണം. ഗ്യാനേഷ് കുമാർ വോട്ട് മോഷണ പദ്ധതി നടപ്പാക്കുകയും അമിത് ഷാ അത് ഏകോപിപ്പിക്കുകയും മോദി അണിയറയിൽ നിന്ന് മുഴുവൻ പദ്ധതിക്കും ചുക്കാൻ പിടിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടുകൊള്ള ആരോപണത്തിന്റെ പേരിൽ തനിക്കെതിരെ മാനനഷ്ടക്കേസ് നൽകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അമിത് ഷായും നരേന്ദ്ര മോദിയും ഉൾപ്പെടെ നൽകിയ 45ലേറെ മാനനഷ്ടക്കേസുകൾ താൻ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മോദി വോട്ട് മോഷ്ടിക്കുന്നുവെന്ന് അവസരം ലഭിക്കുമ്പോഴെല്ലാം പരസ്യമായി പറയാറുണ്ടെന്നും എന്നാൽ ഈ ആരോപണത്തിന്റെ പേരിൽ മാത്രം തനിക്കെതിരെ കേസൊന്നും നൽകിയിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഭരണഘടനയുടെ സംരക്ഷകരാണെന്നും ആരോപണവിധേയരായ നേതാക്കൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ‘56 ഇഞ്ച് നെഞ്ചളവ്’ എന്ന പ്രയോഗത്തെ പരാമർശിച്ച് പരിഹസിച്ച രാഹുൽ ഗാന്ധി “ആ 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയെന്നും ഈയിടെ മോദിജിയുടെ മുഖം ശ്രദ്ധിച്ചിരുന്നോയെന്നും ഇപ്പോൾ തങ്ങളുടെ മുന്നിൽ നിൽക്കാൻ പോലും അദ്ദേഹത്തിന് കഴിയുന്നില്ലെന്നും”പറഞ്ഞു.
ഡൽഹിയിൽ വോട്ടുകൊള്ള, തൊഴിൽ, വിദ്യാഭ്യാസ ചെലവിലെ വർധന തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ഗോവയിൽ അഴിമതി വ്യാപകമാണെന്നും സംസ്ഥാനം അഴിമതിയുടെ മാതൃകയായി മാറിയെന്നും രാഹുൽ ആരോപിച്ചു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പൂർണ ഭൂരിപക്ഷം നൽകണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.
കോൺഗ്രസിന്റെ ‘ഗോയ് രക്ഷോൺ യാത്ര’യുടെ ഭാഗമായി മർഗാവിലെത്തിയ രാഹുൽ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഏകദേശം രണ്ട് കിലോമീറ്റർ നടന്നു. സെപ്റ്റംബർ 22ന് ആരംഭിച്ച 27 ദിവസം നീണ്ട യാത്ര ഞായറാഴ്ച സമാപിച്ചു. ഗോവയിലെ 40 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോയ യാത്രയുടെ ലക്ഷ്യം സംസ്ഥാനത്തിന്റെ ഭൂമി, പരിസ്ഥിതി, സാംസ്കാരിക പൈതൃകം, സ്വത്വം എന്നിവ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

