മുഖ്യമന്ത്രി ചര്‍ച്ചയില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി; ചർച്ചകൾ തുടർന്നാൽ കടുത്ത നടപടിയെന്ന് ഹൈക്കമാൻഡ്
text_fieldsഡൽഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയെന്ന് സൂചന. ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടാത്തതിലുള്ള അമര്‍ഷം നേതാക്കളെ രാഹുൽഗാന്ധി അറിയിച്ചു. വിവാദത്തില്‍ മുസ് ലിം ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലും അതൃപ്തിയുണ്ട്. മറ്റൊരു സംസ്ഥാനത്തും കാണാത്ത സാഹചര്യമാണിത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് മന്ത്രി സീറ്റുകൾക്കുള്ള പിടിവലിയെങ്കില്‍, അനുകൂല സാഹചര്യം പ്രതീക്ഷിച്ച് മുഖ്യമന്ത്രി കസേര തര്‍ക്കം അനാവശ്യമാണെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്.
യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രവർത്തകരുടെ പോര്‍വിളിയും അവസാനിപ്പിക്കാന്‍ കെ.പി.സി.സിക്ക് ദീപ ദാസ്മുന്‍ഷി മുഖേന രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പരസ്യ പ്രസ്താവനകള്‍ വിലക്കി കെ.പി.സി.സി അധ്യക്ഷന്‍ വാര്‍ത്താകുറിപ്പിറക്കിയത്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശം ലംഘിക്കുകയായരുന്നു.
ഇത്തരം ചര്‍ച്ചകള്‍ക്ക് ആര് വളം വച്ചാലും കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നല്‍കി. ശനിയാഴ്ച ചേര്‍ന്ന കെ.പി.സി.സി യോഗത്തിലും ദേശീയ നേതൃത്വത്തിന്‍റെ വികാരം ദീപ ദാസ്മുന്‍ഷി അറിയിച്ചിരുന്നു. എങ്കിലും സമൂഹമാധ്യമങ്ങളിലും പുറത്തും വടംവലി തുടരുകയാണ്. സതീശനെ ഉന്നമിട്ട്, രമേശ് ചെന്നിത്തലയെ അനുകൂലിച്ച് എറണാകുളത്ത് ഫ്ലക്സ് ഉയര്‍ന്നതും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് അറിവില്ലെന്നാണ് ചെന്നിത്തല പക്ഷം പറയുന്നത്. ദില്ലിയില്‍ തുടരുന്ന രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ തയാറായില്ല.
മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതില്‍ മുന്നണിയിലും അമര്‍ഷം പുകയുകയാണ്. ലീഗ് വി.ഡി. സതീശനൊപ്പമെന്ന ചര്‍ച്ച നടക്കുന്നതിനിടെ, പക്ഷം പിടിക്കാനില്ലെന്നും പറയുന്ന ജോസഫ് വിഭാഗവും ചര്‍ച്ച അനാവശ്യമാണെന്ന വിലയിരുത്തലിലാണ്. ഘടകകക്ഷികളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് വിവരം. ചര്‍ച്ചകളെ പൊതുജനങ്ങള്‍ പരിഹാസത്തോടെയാണ് വിലയിരുത്തുന്നതെന്നും ഹൈക്കമാന്‍ഡ് നേതാക്കളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

