‘ഖാർഗെയുടെ ഐഡി കാർഡിന്റെ പകർപ്പ് അവ്യക്തം’; രാഹുൽ ഗാന്ധിയുടെ ഹരജിയിലെ ‘പിഴവുകൾ’ പുറത്തുവിട്ട് സുപ്രീംകോടതി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ട് ചോർച്ച ആരോപണത്തിലും വോട്ടർ പട്ടിക പരിഷ്കരണത്തിലും (എസ്‌ഐആർ) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹരജിയിൽ 14 സാങ്കേതിക പിഴവുകളെന്ന് സുപ്രീംകോടതി. കോർട്ട് ഫീസായി 220 രൂപ കുറവാണെന്നും രജിസ്ട്രി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്ക് ഒപ്പം ഒമ്പത് പ്രതിപക്ഷ നേതാക്കളുടെ അംഗീകാരപത്രം ഇല്ലെന്നതാണ് പ്രധാന പിഴവ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഐഡി കാർഡിന്റെ പകർപ്പ് അവ്യക്തമാണെന്നും കോടതി പറഞ്ഞു. ചില വക്കാലത്തുകൾ ഹാജരാക്കിയില്ല, ചില രേഖകൾ ചെറിയ ഫോണ്ടിൽ നൽകി, രണ്ട് രേഖകളുടെ കളർ കോപ്പി ഇല്ല, ചില പേജുകൾ മങ്ങിയതാണ്, പേജ് നമ്പറിൽ തെറ്റുണ്ട് തുടങ്ങിയവയാണ് മറ്റ് പിഴവുകൾ. ഇവ പരിഹരിച്ചാൽ മാത്രമേ ഹരജി വാദം കേൾക്കാൻ പരിഗണിക്കുവെന്നും കോടതി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ വലിയ മാർച്ച് നടക്കുന്നതിനിടെയാണ് ഹരജി ഫയൽ ചെയ്തത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സൗഗത റോയ്, സുപ്രിയ സുലെ, സഞ്ജയ് റൗട്ട്, ഡി രാജ, മഹുവ മാഝി, എംഎ ബേബി, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവരാണ് ഹരജിക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുമാണ് എതിർകക്ഷികൾ.
എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം. എസ്‌ഐആർ തീരുമാനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണം. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം, സ്വതന്ത്ര സമിതി ഓഡിറ്റ് നടത്തണം എന്നിവയടക്കം പത്ത് ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്. 'രാഹുൽ ഗാന്ധി vs തെരഞ്ഞെടുപ്പ് കമ്മീഷൻ' എന്ന പേരിലാണ് ഹരജി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജനാധിപത്യത്തിനായി മാർച്ച് എന്ന പേരിൽ ഇന്ത്യ മുന്നണി നേതാക്കൾ സെൻട്രൽ ഡൽഹിയിൽ നിന്ന് തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. വോട്ട് മോഷണം അവസാനിപ്പിക്കണം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം, എസ്‌ഐആർ നിർത്തണം, പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാൻ അനുമതി തേടിയെങ്കിലും കേസ് കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ് അദ്ദേഹം കൂടിക്കാഴ്ചക്ക് വിസമ്മതിച്ചു. സാധാരണക്കാരനായാലും ജനപ്രതിനിധിയായാലും സുപ്രീംകോടതിയുടെ വാതിലുകൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

