രാഹുൽ ഗാന്ധി ഫ്യൂഡൽ പ്രഭു; പക്വതയില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ
text_fieldsന്യൂഡൽഹി: പക്വതയില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഫ്യൂഡൽ പ്രഭുവിനെ പോലെയാണ് രാഹുൽ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാതെ അധികാരം വേണമെന്നതാണ് രാഹുലിന്റെ ആവശ്യം. തെറ്റുതിരുത്തലിന് തയാറായില്ലെങ്കിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവനും കോൺഗ്രസിന് തിരിച്ചടിയുണ്ടാവുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിന് പറ്റിയ ആളല്ല രാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കാണ്. എന്നാൽ, ഇപ്പോഴും പാർട്ടിയെ നയിക്കുന്നത് രാഹുൽ ഗാന്ധിയാണ്. ഭാരത് ജോഡോ യാത്രക്കും രാഹുൽ നേതൃത്വം നൽകുന്നു. ഒരു ഉത്തരവാദിത്തവും ഇല്ലാതെ പാർട്ടിയെ നയിക്കാവുന്ന സാഹചര്യമാണ് കോൺഗ്രസിൽ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് അല്ലെങ്കിലും എല്ലാ തീരുമാനവും ഒരാൾക്ക് എടുക്കാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ബിശ്വശർമ്മ പറഞ്ഞു. ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് കോൺഗ്രസിൽ ഒന്നുമില്ലെന്ന തോന്നൽ ആ പാർട്ടിയിലുണ്ട്. ഗാന്ധി കുടുംബമാണ് നിങ്ങൾക്ക് എല്ലാം നൽകുന്നതെന്നാണ് പാർട്ടിയില്ലുള്ളവർ നിരന്തരമായി പറയുന്നത്. എന്നാൽ, ഗാന്ധി കുടുംബത്തിന് അധികാരം നൽകിയത് രാജ്യമാണെന്ന് അവർ മറക്കുന്നുവെന്നും ഹിമന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.

