'കടൽ ഇരമ്പുമ്പോഴാണ് നീന്താൻ എനിക്കിഷ്ടം; തെരഞ്ഞെടുപ്പ് കമീഷൻ വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ നിഗൂഢ പോസ്റ്റ്
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയും വോട്ടർപട്ടിക പുതുക്കലും (എസ്.ഐ.ആർ) രാജ്യത്ത് കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നതിനിടെ, അർത്ഥഗർഭമായ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ നീന്താനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും, പ്രതികൂലമായ ആ അവസ്ഥ മറ്റൊരു തരം ശാന്തതയാണെന്നാണ് അത് നമ്മെ പഠിപ്പിക്കുന്നതെന്നും രാഹുൽ 'എക്സി'ൽ കുറിച്ചു.
'കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ അതിൽ നീന്താനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പ്രക്ഷുബ്ധതയെന്നതും മറ്റൊരു തരം ശാന്തത മാത്രമാണെന്ന് അത് നമ്മെ പഠിപ്പിക്കുന്നു.'
പോസ്റ്റിൽ നേരിട്ട് തെരഞ്ഞെടുപ്പ് കമീഷനെയോ വിവാദങ്ങളെയോ പരാമർശിച്ചിട്ടില്ലെങ്കിലും, രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും നിലപാടുകളിൽ ശാന്തതയോടെയും ഉറച്ചും മുന്നോട്ടുപോകുമെന്ന സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട 14-ഓളം തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് രാജ്യം തെരഞ്ഞെടുപ്പ് കമീഷനെതിരായ വൻ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പല സുപ്രധാന ഉത്തരവുകളും ഇറക്കിയതെന്ന് കമീഷണർമാർ വെളിപ്പെടുത്തിയിരുന്നു.
നേരത്തെ തന്നെ 'വോട്ട് ചോരി' (വോട്ട് മോഷണം) എന്ന ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി ശക്തമായി രംഗത്തുവന്നിരുന്നു. തന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന കമീഷന്റെ ആഭ്യന്തര ഭിന്നതകളെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് 'മാച്ച് ഫിക്സിംഗ്' നടത്തുകയാണെന്നും അദ്ദേഹം രാജിവെച്ച് മാപ്പുസാക്ഷിയാകണമെന്നും രാഹുൽ മുൻപ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വിഷയത്തിൽ കമീഷനെതിരെ തുടർനീക്കങ്ങൾ ആലോചിക്കാൻ 'ഇന്ത്യ' മുന്നണി നേതാക്കൾ സെപ്റ്റംബർ 30-ന് ഡൽഹിയിൽ യോഗം ചേരാനിരിക്കെയാണ് രാഹുലിന്റെ ഈ നിഗൂഢമായ കുറിപ്പ് ശ്രദ്ധേയമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

