'സാധാരണക്കാരുടെ പോക്കറ്റടിക്കാൻ പുതിയ വഴി': യു.പി.ഐ ഇടപാടിന് ചാർജ് ഈടാക്കുന്നതിനെതിരെ രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ, റുപേ ഇടപാടുകൾ പൂർണമായും സൗജന്യമായിരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ, വലിയ ഇടപാടുകളിൽ ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ചെറിയ തുകകളിലെ ഇടപാടുകൾക്ക് നിരക്കുകൾ ഈടാക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയതിലൂടെ 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകളിൽ എം.ഡി.ആർ (മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ചുമത്താൻ സർക്കാർ പരോക്ഷമായി വഴിയൊരുക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പണം ഈടാക്കില്ലെങ്കിലും, വ്യാപാരികൾ നൽകേണ്ടിവരുന്ന ഈ ഫീസ് ആത്യന്തികമായി സാധനങ്ങളുടെ വിലവർധനവിലൂടെ സാധാരണക്കാരുടെ പോക്കറ്റിൽ നിന്ന് തന്നെ ഈടാക്കപ്പെടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ പേയ്‌മെന്റ് കമ്പനികൾ ഇന്ത്യയുടെ സീറോ-എം.ഡി.ആർ നയത്തെ വളരെക്കാലമായി എതിർത്തുപോരുന്നുണ്ടെന്നും, ഇപ്പോൾ മോദി സർക്കാർ ആ നയം മാറ്റുന്നതിലേക്കാണ് വഴിതുറന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കൻ സമ്മർദത്തിന് മുന്നിൽ സർക്കാർ വീണ്ടും കീഴടങ്ങുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു. ജനങ്ങളെ പൊള്ളിക്കുന്ന വിലക്കയറ്റത്തിന് ആശ്വാസം നൽകുന്നതിന് പകരം, അവരുടെ പോക്കറ്റടിക്കാനുള്ള പുതിയ വഴികൾ ദിവസേന തേടുകയാണ് മോദി സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൊത്തവ്യാപാര നാണയപ്പെരുപ്പം ഉയർന്നുനിൽക്കുന്ന ഈ സാഹചര്യത്തിൽ, ഡിജിറ്റൽ പേയ്‌മെന്റ് ടാക്സ് അടിച്ചേൽപ്പിച്ച് ജനങ്ങളുടെ അവശേഷിക്കുന്ന ചെറിയ സമ്പാദ്യങ്ങൾ കൂടി തകർക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
അതേസമയം, ഇടപാടുകളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിരന്തരം നവീകരിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിപണിയുടെ വിപുീകരണത്തിനും സുസ്ഥിരതക്കും ഫീസുകൾ ആവശ്യമാണെന്നും, സബ്‌സിഡികളെ മാത്രം ആശ്രയിച്ചുള്ള വളരെയധികം മുന്നോട്ട് പോകാനാകില്ലെന്നും സർക്കാർ വിശദീകരിച്ചു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് യു.പി.ഐ പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ വ്യാപാരികളിൽ നിന്ന് ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന സേവന നിരക്കാണ് എം.ഡി.ആർ. 2020 ജനുവരി മുതൽ എല്ലാ യു.പി.ഐ ഇടപാടുകളും പൂർണമായും സൗജന്യമാക്കിയിരുന്നു. എന്നാൽ എം.ഡി.ആർ തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി അടുത്തിടെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. എം.ഡി.ആർ നടപ്പിലായാൽ, വ്യാപാരികൾ ഈ അധിക ബാധ്യത ഉപയോക്താക്കൾക്ക് മേൽ കൈമാറാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സാധാരണക്കാരുടെ ദൈനംദിന ഡിജിറ്റൽ പണമിടപാടുകൾക്ക് ഭാവിയിൽ കൂടുതൽ ചെലവ് വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

