Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.ജി.സി-നെറ്റ്...

യു.ജി.സി-നെറ്റ് പുനഃപരീക്ഷ: എൻ.ടി.എക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ യു.ജി.സി-നെറ്റ് പരീക്ഷ വീണ്ടും നടത്താനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോദിജി, താങ്കളുടെ എൻ.ടി.എ ഇപ്പോൾ എന്താണ് ചെയ്തതെന്ന് നോക്കൂവെന്നായിരുന്നു എക്സിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രതികരണം.

ജൂൺ 22 മുതൽ 30 വരെ നടന്ന യു.ജി.സി-നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ പിഴവുകളും പഴയ ചോദ്യങ്ങളുടെ ആവർത്തനവും ഉണ്ടായതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

വർഷങ്ങളോളം പരീക്ഷക്കായി തയ്യാറെടുത്ത ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് സെപ്റ്റംബറിൽ വീണ്ടും പരീക്ഷയെഴുതേണ്ടി വരുന്നത് അനീതിയാണെന്നും അദ്ദേഹം വിമർശിച്ചു. അപേക്ഷാ ഫീസ് അടക്കുകയും ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്ത ഉദ്യോഗാർഥികൾക്ക് ഇതെല്ലാം വീണ്ടും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.ടി.എയുടെ പിഴവിന് വിദ്യാർഥികളാണ് ശിക്ഷ അനുഭവിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

പരീക്ഷാ സംവിധാനം വിദ്യാർഥികളുടെ പണവും വർഷങ്ങളായുള്ള അധ്വാനവും മാനസികാരോഗ്യവും ആത്മവിശ്വാസവും നഷ്ടപ്പെടുത്തുന്ന നിലയിലായെന്നും അദ്ദേഹം ആരോപിച്ചു. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് എൻ.ടി.എ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പറുകൾ ചോർന്നിരുന്നോ എന്ന കാര്യത്തിലും എൻ.ടി.എ വ്യക്തത നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എൻ.ടി.എയുടെ നേതൃത്വത്തെയും ഉത്തരവാദികളാക്കണമെന്നും ധർമേന്ദ്ര പ്രധാന്റെ രാജി നടപടികളുടെ തുടക്കം മാത്രമായിരുന്നുവെന്നും എൻ.ടി.എ നേതൃത്വത്തിനെതിരെയും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ വീണ്ടും പരീക്ഷയെഴുതേണ്ടി വരുന്ന വിദ്യാർഥികൾ തെറ്റുകാരല്ലെന്നും അവരുടെ അധ്വാനം പാഴാകുന്നതിനെതിരെ തങ്ങൾ ശബ്ദമുയർത്തുമെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു.

എൻ.ടി.എയുടെ പ്രവർത്തനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ജൂണിൽ പരീക്ഷ നടന്നതിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപേപ്പറുകളിൽ വസ്തുതാപരവും അച്ചടിപരവും വിവർത്തനവുമായി ബന്ധപ്പെട്ടതുമായ പിഴവുകൾ എൻ.ടി.എ കണ്ടെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ഗുരുതരമായ പിഴവുകൾ കണ്ടെത്താൻ ഏകദേശം രണ്ട് മാസം വേണ്ടിവന്നത് എന്തുകൊണ്ടാണെന്നും ജൂണിൽ പരീക്ഷയെഴുതിയ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഫലം വൈകുന്നതിനെക്കുറിച്ചും സർക്കാർ വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപേപ്പറുകളിലെ നിരവധി പിഴവുകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചതായി എൻ.ടി.എ അറിയിച്ചു. പിഴവുകൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിച്ചിരുന്നെന്നും കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും എൻ.ടി.എ വ്യക്തമാക്കി. നീതിപൂർവവും പിഴവുകളില്ലാത്തതുമായ പരീക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും എൻ.ടി.എ അറിയിച്ചു.

ഇംഗ്ലീഷും കൊമേഴ്സും സെപ്റ്റംബർ ഒമ്പതിനും സോഷ്യോളജി സെപ്റ്റംബർ പത്തിനും വീണ്ടും പരീക്ഷ നടത്തും. പുനഃപരീക്ഷക്ക് ഉദ്യോഗാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കില്ലെന്നും എൻ.ടി.എ വ്യക്തമാക്കി. മറ്റ് 84 വിഷയങ്ങളിലെ ഫലം നിശ്ചയിച്ച പ്രകാരം പ്രഖ്യാപിക്കുമെന്നും സീറ്റ് അനുവദിക്കുന്നതിൽ കുറവ് വരുത്തില്ലെന്നും എൻ.ടി.എ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:re examNTARahul GandhiUGC-NET
News Summary - Rahul Gandhi Criticises NTA
Next Story