പങ്കുവെച്ചത് ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം -ലണ്ടൻ പ്രസംഗത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ജനാധിപത്യത്തെ ചോദ്യം ചെയ്യുക വഴി ഇന്ത്യയുടെ അഭിമാനത്തെ വിദേശ മണ്ണിൽ ചോദ്യം ചെയ്തുവെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയുടെ ജനാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമാണ് പ്രസംഗത്തിനിടെ ഉന്നയിച്ചതെന്നും അത് ദേശവിരുദ്ധമല്ലെന്നും രാഹുൽ ഗാന്ധി ശനിയാഴ്ച നടന്ന പാർലമെന്ററി പാനലിനു മുമ്പാകെ വ്യക്തമാക്കി.
പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു രാജ്യവും ഇടപെടണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ജി-20 കൂടിയാലോചന സമിതി യോഗത്തിലാണ് രാഹുലിന്റെ വിശദീകരണം.
അതേസമയം, രാഹുൽ ഗാന്ധിക്ക് ഈ വിഷയം സംസാരിക്കാൻ പറ്റിയ വേദി ഇതെല്ലെന്ന് ബി.ജെ.പി എംപിമാർ വിമർശിച്ചു. അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ കളങ്കമാണെന്നും ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവി എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ വിശദീകരണം എന്നും ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് എം.പിമാരും ബി.ജെ.പി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് ഇടപെട്ട എസ്. ജയ്ശങ്കർ രാഹുൽ ജി20 വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം ഭീഷണിയിലാണെന്നും പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നുമായിരുന്നു രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവകലാശാലയിൽ പറഞ്ഞത്. രാഹുൽ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. സംഭവത്തെ ചൊല്ലി വെള്ളിയാഴ്ച ലോക്‌സഭ നടപടികൾ തടസപ്പെട്ടിരുന്നു. രാഹുൽഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ദേശവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായി മാറിയെന്നും ബി.ജെ.പി ആരോപിക്കുകയുണ്ടായി.