രാജ്യംഭരിക്കുന്നവർക്ക് വേണ്ടത് അന്ധഭക്തരെ, ചോദ്യംചെയ്യുന്ന വിദ്യാർഥികളെ ഭയം; രാഹുൽ ഗാന്ധി
text_fieldsഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ നടന്ന അഞ്ചാമത് 'ഛാത്രോൺ കി ഗൂഞ്ച്' വിദ്യാർഥി സംവാദ പരിപാടിക്കിടെ മോദി സർക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം നടത്തിക്കൊണ്ടുപോകുന്ന "സംവിധാനം" വിദ്യാർഥികളെ ഇഷ്ടപ്പെടുന്നില്ല, കാരണം അവർ ചോദ്യങ്ങൾ ചോദിക്കുന്നു. മറിച്ച് അവർക്ക് അന്ധഭക്തരെ മാത്രമാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജുഡീഷ്യറി, ബ്യൂറോക്രസി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ "എന്തുകൊണ്ട് തങ്ങളുടെ ജോലികൾ കൃത്യമായി ചെയ്യുന്നില്ല" എന്ന് വിദ്യാർഥികൾ ചോദ്യം ചെയ്യുന്നതിനാൽ, രാജ്യത്തെ 'സംവിധാനത്തിന്' അവർ അപകടമുണ്ടാക്കുന്നു. രാജ്യത്തെ ഭരണത്തിന്റെ എല്ലാ വശങ്ങളും നിയന്ത്രിക്കുന്നത് ഉന്നത ബി.ജെ.പി രാഷ്ട്രീയക്കാരും ചില വ്യവസായികളും ചേർന്നാണെന്നും രാഹുൽ ആരോപിച്ചു.
പരിപാടിയുടെ വേദിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കും നയങ്ങൾക്കും ഹാസ്യാത്മക വിമർശനവും ഉയർന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വേദിയിലുണ്ടായിരുന്ന ഒരാൾ പ്രധാനമന്ത്രി മോഡിയെ അനുകരിക്കുകയും വിദേശ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ പരിഹസിക്കുകയും ചെയ്യുകയായിരുന്നു. മോദി സംസാരിക്കുന്ന ശൈലിയും വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന രീതിയും അതേപടി അനുകരിച്ച യുവാവിന്റെ പ്രകടനത്തോടൊപ്പം രാഹുൽ ഗാന്ധിയും പങ്കാളിയാവുകയായിരുന്നു.
മോദിയോടെന്ന പോലെ യുവാവിനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വിദേശ രാജ്യങ്ങളിൽ പോയി നേതാക്കളെ കെട്ടിപ്പിടിക്കുന്നത് മാത്രമാണ് മോദിയുടെ വിദേശനയം എന്ന് വ്യക്തമാക്കുന്നതായിരുന്നു സ്റ്റേജിലെ പ്രകടനം. നേരത്തെയും രാഹുൽ ഗാന്ധി ഇതേ രീതിയിലുള്ള വിമർശനം മോദിക്കെതിരെ ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം കൊഴുക്കുകയാണ്. പ്രകടനത്തിനെതിരെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ സമാനമായ മറ്റൊരു സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഈ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 13-ന് ന്യൂഡൽഹിയിൽ നടന്ന രചനാത്മക് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിൽ, വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന പ്രധാനമന്ത്രി മോഡിയുടെ രീതിയെ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. വേദിയിൽ വെച്ച് അദ്ദേഹം കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ ആലിംഗനം ചെയ്യുകയും, അത്തരം ആംഗ്യങ്ങളാണ് വിദേശനയമെന്നാണ് പ്രധാനമന്ത്രി മോഡി കരുതുന്നതെന്ന് പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

