10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിക്ക് സവർക്കർ ആകാൻ കഴിയില്ല -അനുരാഗ് താക്കൂർ
text_fieldsന്യൂഡൽഹി: 10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിക്ക് വി.ഡി. സവർക്കർ ആകാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാഹുലിന്റെ സവർക്കർ പരാമർശത്തിനു മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് പരാമർശിച്ചത്. 'എന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി കുടുംബം ആരോടും മാപ്പു പറഞ്ഞിട്ടില്ല'-എന്നായിരുന്നു രാഹുൽ പറഞ്ഞത്.
''സവർക്കറെ അപമാനിച്ച രാഹുലിന് രാജ്യം മാപ്പുനൽകില്ല. 10 തവണ പുനർജനിച്ചാൽ പോലും രാഹുലിന് സവർകറാകാൻ കഴിയില്ല. സ്വാതന്ത്ര്യത്തിനായി ജീവിത കാലം മുഴുവൻ ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് സവർക്കർ ജി. എന്നാൽ രാഹുൽ ഗാന്ധി ബ്രിട്ടീഷുകാരെ സഹായിക്കുന്നതിനായി ഇന്ത്യൻ ജനാധിപത്യത്തെ കരിവാരിത്തേക്കുന്നതിനായി പ്രചാരണം നടത്താനായാണ് ജീവിതം മാറ്റിവെക്കുന്നത്.'' -താക്കൂർ വിമർശിച്ചു.
വി.ഡി. സവർക്കറെ വിമർശിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയും രാഹുവലിനെതിരെ രംഗത്തു വന്നിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാഹുലിനെ വിമർശിച്ചിരുന്നു. സവർക്കറെ അപമാനിക്കുന്നത് മഹാരാഷ്ട്രക്കാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും ഏക്നാഥ് ഷിൻഡെ ഓർമപ്പെടുത്തുകയും ചെയ്തു.