ഡിപ്ലോമാറ്റിക് പാസ്പോർട്ട് നഷ്ടപ്പെട്ട രാഹുൽ ഗാന്ധിക്ക് ഇനി സാധാരണ പാസ്പോർട്ട്
text_fieldsന്യൂഡൽഹി: ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഇല്ലാതായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 10 വർഷത്തെ സാധാരണ പാസ്പോർട്ടും ഇല്ല. രാഹുലിന് മൂന്നു വർഷത്തേക്ക് പാസ്പോർട്ട് എടുക്കാനുള്ള നിരാക്ഷേപപത്രം (എൻ.ഒ.സി) നൽകാമെന്ന് ഡൽഹി കോടതി. എല്ലാവരെയും പോലെ 10 വർഷം കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് എൻ.ഒ.സി നൽകണമെന്ന രാഹുലിന്റെ ആവശ്യം അനുവദിക്കാതിരുന്ന അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വൈഭവ് മേത്ത അത് മൂന്നു വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തി. മൂന്നു വർഷം കഴിഞ്ഞ് പാസ്പോർട്ട് പുതുക്കാൻ രാഹുൽ ഗാന്ധിക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.
എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ഗാന്ധി തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് തിരിച്ചേൽപിച്ചിരുന്നു. തുടർന്നാണ് സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാൻ തനിക്കെതിരായ നാഷനൽ ഹെറാൾഡ് കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയുടെ എൻ.ഒ.സി തേടിയത്.
അതേസമയം, രാഹുൽ ഗാന്ധിക്ക് സാധാരണ പാസ്പോർട്ടിന് എൻ.ഒ.സി നൽകരുതെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ തടസ്സവാദം നിയമപരമായി നിലനിൽക്കില്ലെന്നു കണ്ട് കോടതി തള്ളി. രാഹുൽ ഗാന്ധി വിദേശത്തു പോകുന്നതിന് കോടതി വിലക്കുകളൊന്നുമില്ലാത്തത് പരിഗണിച്ചായിരുന്നു ഇത്.
എന്നാൽ, 10 വർഷ പാസ്പോർട്ടിന് ആവശ്യമായ എൻ.ഒ.സി നൽകില്ലെന്ന് കോടതിതന്നെ വ്യക്തമാക്കുകയും ചെയ്തു. നിലവിൽ രാഹുൽ ഗാന്ധിക്കെതിരെ ഒരു ക്രിമിനൽ കേസും കോടതിയുടെ പരിഗണനയിലില്ലെന്നും പാസ്പോർട്ടിന് എൻ.ഒ.സി നൽകുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നും രാഹുലിന്റെ അഭിഭാഷകർ വാദിച്ചു.
സാമ്പത്തിക വെട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോദിയെയും നീരവ് മോദിയെയും പരാമർശിച്ച് ‘എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉണ്ടെന്ന്’ പറഞ്ഞതിന് ഗുജറാത്ത് കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതോടെയാണ് എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ഗാന്ധി ഡിപ്ലോമാറ്റിക് പാസ്പോർട്ട് തിരിച്ചേൽപിച്ചത്.
എന്താണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട്
ടൈപ് ഡി പാസ്പോർട്ട് എന്ന പേരിലും ഡിപ്ലോമാറ്റിക് പാസ്പോർട്ട് അറിയപ്പെടുന്നുണ്ട്. ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക വ്യക്തികൾ എന്നിവർക്കാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് അനുവദിക്കുക. മെറൂൺ കളറിലാണ് ഈ പാസ്പോർട്ട്. പാസ്പോർട്ടിന് 28 പേജുകൾ ഉണ്ടായിരിക്കും. സാധാരണ പാസ്പോർട്ട് ഇരുണ്ട നീല കളറിലുള്ളതാണ്. അതിനെ അപേക്ഷിച്ച് ഡിപ്ലോമാറ്റിക് പാസ്പോർട്ടിന് 10 വർഷം വാലിഡിറ്റിയുണ്ട്. അതായത് മുതിർന്നവർക്ക് 10 വർഷത്തേക്കും കുട്ടികൾക്ക് അഞ്ചുവർഷത്തേക്കുമാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് അനുവദിക്കുന്നത്.