'ഇനിയുമിത് ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു'; രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ അതൃപ്തി അറിയിച്ച് ഡൽഹി സർവകലാശാല
text_fieldsന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ അതൃപ്തി അറിയിച്ച് ഡൽഹി സർവകലാശാല. അധികൃതരെ അറിയിക്കാതെയാണ് രാഹുലിന്റെ സന്ദർശനമെന്നാണ് സർവകലാശാലയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്. രണ്ടാം തവണയാണ് ഇത്തരത്തിൽ ആരെയും അറിയിക്കാതെയുള്ള സന്ദർശനമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
'ഇന്ന് ശ്രീ രാഹുൽ ഗാന്ധി ഡൽഹി സർവകലാശാലയിൽ എത്തിയത് അധികാരികൾ അറിയാതെയാണ്. അദ്ദേഹം ഒരു മണിക്കൂറോളം ഡി.യു.എസ്.യു ഓഫീസിൽ തങ്ങി. ഈ സമയത്ത് ഡി.യു.എസ്.യു ഓഫീസ് സുരക്ഷാ വലയത്തിലായിരുന്നു. ഡൽഹി സർവകലാശാലക്ക് യാതൊരു അറിയിപ്പും വിവരവുമില്ലാതെ ശ്രീ രാഹുൽ ഗാന്ധി സർവകലാശാലയിൽ എത്തുന്നത് ഇത് രണ്ടാം തവണയാണ്.' പ്രസ്താവനയിൽ പറഞ്ഞു.
ഡി.യു.എസ്.യു സെക്രട്ടറിയുടെ മുറിക്കുള്ളിൽ ചില വിദ്യാർഥികളുണ്ടായിരുന്നു. അവരെ ആ മുറിയിൽ പൂട്ടിയിടുകയും പിന്നീട് എൻ.എസ്.യു.ഐ അംഗങ്ങൾ അവരോട് മോശമായി പെരുമാറുകയും ചെയ്തു. ഡി.യു.എസ്.യു സെക്രട്ടറി പുറത്തായിരുന്നു. അവരെയും എൻ.എസ്.യു.ഐ വിദ്യാർഥികൾ ഓഫീസിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. സർവകലാശാല ഇത്തരം നടപടികളെ അപലപിക്കുന്നു. ഭാവിയിൽ ഇത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ കാമ്പസ് സന്ദർശനത്തിന്റെ വീഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

