വോട്ടുകൊള്ളക്കെതിരെ വിദ്യാർഥികളും തെരുവിലിറങ്ങണമെന്ന് രാഹുൽഗാന്ധി; ഡൽഹി ചലോ മാർച്ച് നവംബർ ഒന്നിന്
text_fieldsന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന ‘ചലോ ഡൽഹി’ മാർച്ചിൽ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന മാർച്ചിന് പിന്നാലെ പൊതുസമ്മേളനവും നടക്കും. ജനാധിപത്യം സംരക്ഷിക്കുക, വോട്ട് മോഷണത്തിനെതിരെ പ്രതിഷേധിക്കുക, ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ ഗാന്ധി വിദ്യാർഥികളോടും പൊതുജനങ്ങളോടും മാർച്ചിൽ പങ്കെടുക്കാൻ അഭ്യർഥിച്ചത്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പ്രതിഷേധമായി ഇതിനെ കണക്കാക്കരുതെന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും കൂട്ടായ പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ അതൃപ്തിയുള്ളവരും ജനാധിപത്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, വിദ്യാർഥി സംഘടനകൾ രാഷ്ട്രീയ നിലപാടുകൾ മാറ്റിവെച്ച് മാർച്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യം, അഭിപ്രായസ്വാതന്ത്ര്യം, ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം, ചിന്താസ്വാതന്ത്ര്യം എന്നിവ ഭീഷണി നേരിടുന്നതായി കരുതുന്നവർ മുന്നോട്ടുവരണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ പൊലീസിനെയോ ലാത്തിച്ചാർജിനെയോ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് അണിനിരക്കണമെന്നാണ് തന്റെ അഭ്യർഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എസ്.ഐ.ആർ ക്രമക്കേടുകളിലും ‘വോട്ട് കവർച്ച’ ആരോപണങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ ‘ഇൻഡ്യ’ മുന്നണി സംഘടിപ്പിക്കുന്ന ‘ജനകീയ ഇംപീച്ച്‌മെന്റ്’ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ നടക്കും. രണ്ട് പൊതുവേദികൾക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വേദി ഖാർഗെയുടെ വസതിയിലേക്ക് മാറ്റിയത്. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ നടപടിക്രമങ്ങളിൽ അധ്യക്ഷത വഹിക്കും.
രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന വിശദമായ ചർച്ചകൾ ഉപസംഹരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കും. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും പൗരാവകാശ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. എസ്.ഐ.ആർ വഴി വോട്ട് നഷ്ടപ്പെട്ടവരും ബാധിക്കപ്പെട്ടവരുമായ സാധാരണക്കാർ തങ്ങളുടെ അനുഭവങ്ങൾ സഭക്ക് മുന്നിൽ തുറന്നുപറയും.

