രാഹുൽ ഗാന്ധി ‘റിയൽ ലൈഫ് ബാറ്റ്മാൻ’; കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് പോസ്റ്ററുകൾ
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘റിയൽ ലൈഫ് ബാറ്റ്മാൻ’ എന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ടു.
“ദ സൈലന്റ് ഗാർഡിയൻ, എ വാച്ച്ഫുൾ പ്രൊട്ടക്ടർ. എൽ ഒ പി രാഹുൽ ഗാന്ധി, ദ റിയൽ ലൈഫ് ബാറ്റ്മാൻ” എന്നാണ് പോസ്റ്ററുകളിലെ കുറിപ്പ്. രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ബാറ്റ്മാന്റെ ചിത്രവും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ മാസം ആദ്യം ഇൻസ്റ്റഗ്രാമിൽ വിദ്യാർഥികളുമായും യുവാക്കളുമായും നടത്തിയ ‘Ask Me Anything’ പരിപാടിക്കിടെയാണ് രാഹുൽ ഗാന്ധിയോട് ബാറ്റ്മാനെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. “താനും ബാറ്റ്മാനും ഒരേ മുറിയിൽ ഒരുമിച്ച് ഉണ്ടായിരുന്നതായി ആരും ഇതുവരെ കണ്ടിട്ടില്ലെന്ന് പറയാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ബാറ്റ്മാനുമായി താരതമ്യം ചെയ്തുള്ള പോസ്റ്റുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതിനിടെ, ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിയേറ്റ് സാഹിൽ ലോചവിന് പരിക്കേറ്റതായി ആരോപിച്ച സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് അദ്ദേഹം പ്രതിഷേധിച്ചത്.
എഫ്.ഐ.ആർ ഇല്ലെങ്കിൽ നീതിയില്ലെന്നും അതിനാൽ തങ്ങൾ ഇവിടെ ഇരിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. തുടർന്ന് ഡൽഹി പൊലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അതേസമയം, പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമവും സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമവും സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി വ്യാഴാഴ്ച അഞ്ചംഗ ഉന്നതതല വിദഗ്ധ സമിതിക്ക് രൂപം നൽകി. വിരമിച്ച സുപ്രീം കോടതി ജഡ്ജി ആർ. സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷൻ.
മുൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവി ശങ്കർ ഝാ, മുൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ശാലിന്ദർ കൗർ, മുൻ സിബിഐ ഡയറക്ടർ റിഷി കുമാർ ശുക്ല, മുൻ മേഘാലയ ഡിജിപി എൽ.ആർ. ബിഷ്ണോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

