'99 തവണ പരാജയപ്പെട്ട പ്രൊഡക്ട്'; രാഹുലിന്റെ 'എക്സ്പയറി ഡേറ്റ്' പരാമർശത്തിന് മറുപടിയുമായി ശിവരാജ് സിങ് ചൗഹാൻ
text_fieldsരാഹുൽ ഗാന്ധി, ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: ബിജെപിയുടെ എക്സ്പയറി ഡേറ്റ് അടുക്കുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. എല്ലാ തവണയും പരാജയപ്പെട്ട പ്രൊഡക്ടാണ് ബിജെപിയുടെ കാലാവധിയെക്കുറിച്ച് പറയുന്നതെന്നും ഇത് കേൾക്കുമ്പോൾ ചിരിവരുന്നുവെന്നുമായിരുന്നു ചൗഹാന്റെ പരിഹാസം.
ഗോവയിലെ മഡ്ഗാവിൽ കോൺഗ്രസിന്റെ 'ഗോയ് രഖോൺ യാത്ര'യുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ബിജെപി നേതൃത്വത്തെ വിമർശിച്ചത്. ഗോവയെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ട. ഡൽഹിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങൾ നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടുമെന്നും അവരുടെ എക്സ്പയറി ഡേറ്റ് അടുക്കുകയാണെന്നുമായിരുന്നു രാഹുൽ നടത്തിയ പ്രസംഗത്തിലെ പരാമർശം.
ഇതിനെതിരെയാണ് ചൗഹാൻ സമൂഹ മാധ്യമമായ എക്സിലൂടെ രൂക്ഷമായി പ്രതികരിച്ചത്. 99 തവണ വിപണിയിൽ ഇറക്കാൻ ശ്രമിച്ചിട്ടും എല്ലാ തവണയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട പ്രൊഡക്ട് ഇപ്പോൾ ബിജെപിയുടെ എക്സ്പയറി ഡേറ്റിനെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ചിരിവരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ബിജെപിയെ തകർക്കാൻ ശ്രമിക്കുന്ന ഭരണമാറ്റ ഗ്യാങ്ങിന് ജനപിന്തുണ കിട്ടില്ലെന്നും ചൗഹാൻ പറഞ്ഞു. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ രാജ്യത്തെ പഠിപ്പിച്ച, എല്ലാ വെല്ലുവിളികളിലും ഉറച്ചുനിൽക്കുന്ന നേതൃത്വത്തിലാണ് യുവാക്കളും കർഷകരും സ്ത്രീകളും ഇപ്പോഴും വിശ്വസിക്കുന്നത്. വ്യാജ പ്രചരണങ്ങളിലൂടെ ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാനോ രാജ്യത്തെ ദുർബലപ്പെടുത്തുന്ന ഗൂഢാലോചനകളിലൂടെ ഭയപ്പെടുത്താനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വിശ്വാസം വെറും കഥകൾ പറഞ്ഞ് ഉണ്ടാക്കുന്നതല്ലെന്നും ചൗഹാൻ വ്യക്തമാക്കി. പ്രവർത്തനം കൊണ്ടും പ്രതിബദ്ധത കൊണ്ടും നേതൃത്വത്തിന്റെ ആത്മാർത്ഥത കൊണ്ടുമാണ് അത് കെട്ടിപ്പടുക്കുന്നത്. 140 കോടി ജനങ്ങളുടെ ഭാവിയും രാജ്യത്തിന്റെ അഭിമാനവുമാണ് സർക്കാരിന്റെ പ്രധാന മുൻഗണന. ദരിദ്രരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും കർഷകരുടെയും ക്ഷേമത്തിനായി സമർപ്പിതമായ പ്രസ്ഥാനമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ചും ചൗഹാൻ കോൺഗ്രസിനെ കടന്നാക്രമിച്ചു. രാജ്യത്തെ മുഴുവൻ ജയിലാക്കി മാറ്റിയവരെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെടുത്തിയ ചരിത്രമാണുള്ളത്. ബിജെപി ഇനിയും വളരുമെന്നും രാജ്യത്തെ സേവിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗോവയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിൽ വ്യാപകമായ തിരിമറിയും അഴിമതിയും നടക്കുന്നുവെന്നും വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് മോഷണത്തിന് പിന്നിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും അമിത് ഷായും പ്രധാനമന്ത്രി മോദിയുമാണെന്നായിരുന്നു ആരോപണം. ഗ്യാനേഷ് കുമാർ വോട്ട് മോഷണം നടപ്പിലാക്കുന്നുവെന്നും അമിത് ഷാ അത് ഏകോപിപ്പിക്കുകയും മോദി പിന്നിൽ നിന്ന് ആസൂത്രണം ചെയ്യുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം.
വോട്ട് മോഷണം ആരോപിച്ചതിന് തനിക്കെതിരെ മാത്രം എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും തനിക്കെതിരെ 45ലധികം കേസുകളുണ്ടെന്നും രാഹുൽ ചോദിച്ചു. അഴിമതി, ഭൂമി കയ്യേറ്റം, ഭൂമി മാറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകളും ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധക്കാരോടുള്ള സമീപനവും പരിഹരിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും വിമർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

