‘ഇതൊരു പരീക്ഷയുടെയോ നിയമനത്തിന്റെയോ മാത്രം പ്രശ്നമല്ല...’; മഹാരാഷ്ട്ര പി.എസ്.സി ക്രമക്കേടിൽ രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: മഹാരാഷ്ട്ര പബ്ലിക് സർവിസ് കമീഷൻ (മഹാരാഷ്ട്ര പി.എസ്.സി) പരീക്ഷ ക്രമക്കേടുകൾ ആരോപിച്ച് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആയിരക്കണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് ഒരു പരീക്ഷയുടെയോ നിയമനത്തിന്റെയോ പ്രശ്നം മാത്രമല്ലെന്നും മുഴുവൻ സംവിധാനത്തിലുമുള്ള വിശ്വാസം തകർന്നതിന്റെ പ്രതിഫലനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ സമാധാനപരമായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. കാരണം ഒരു പരീക്ഷയോ നിയമനമോ മാത്രമല്ലെന്നും മുഴുവൻ സംവിധാനത്തിലുമുള്ള വിശ്വാസം തകർന്നതാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ബി.ജെ.പി ഭരണത്തിൽ വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച, മുടങ്ങിക്കിടക്കുന്ന നിയമനങ്ങൾ, താങ്ങാനാകാത്ത വിദ്യാഭ്യാസച്ചെലവ്, ഹോസ്റ്റലുകളിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ, മോശം ഭക്ഷണം, ഡിബിടിയിലെ തട്ടിപ്പുകൾ എന്നിവക്ക് പുറമെ ഭരണഘടനാ സ്ഥാപനമായ മഹാരാഷ്ട്ര പി.എസ്.സിയുടെ വിശ്വാസ്യതയും സർക്കാർ തകർത്തതായി രാഹുൽ ഗാന്ധി ആരോപിച്ചു.
വിദ്യാർഥികളുടെ ആവശ്യങ്ങൾ സർക്കാർ കേൾക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭാവിക്കായി വിദ്യാർഥികൾ ഉന്നയിക്കുന്ന ഓരോ ആവശ്യവും ന്യായമാണെന്നും നീതി ലഭിക്കുന്നതുവരെ പ്രതിഷേധത്തിന്റെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര പി.എസ്.സി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിൽ മുംബൈ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം. മാർച്ച് 22നാണ് മഹാരാഷ്ട്ര പി.എസ്.സി ഡ്രഗ് ഇൻസ്പെക്ടർ തസ്തികകളിലേക്കുള്ള ഓഫ്‌ലൈൻ പരീക്ഷ നടത്തിയത്. ചോദ്യപേപ്പർ ചോർന്നിരിക്കാമെന്ന ആശങ്ക പിന്നീട് ഉദ്യോഗാർഥികൾ ഉന്നയിച്ചിരുന്നു. പരാതികളിൽ നടപടി സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു. തുടർന്ന് നിയമന നടപടികൾ പൂർത്തിയാക്കി 488 പേരുടെ മെറിറ്റ് പട്ടിക പ്രസിദ്ധീകരിച്ചു.
അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിലെ ഡ്രഗ് ഇൻസ്പെക്ടർ ഗ്രൂപ്പ്-ബി തസ്തികകളിലേക്കുള്ള നിയമന നടപടികൾ മഹാരാഷ്ട്ര പി.എസ്.സി റദ്ദാക്കി. പരീക്ഷക്ക് മുമ്പ് ഒരു ഉദ്യോഗാർഥിക്ക് ചോദ്യപേപ്പർ ലഭിക്കുകയും ഇയാൾ അതിന്റെ പ്രയോജനം നേടുകയും ചെയ്തതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കണ്ടെത്തലുകളുടെ ഗൗരവം പരിഗണിച്ചാണ് നടപടികൾ റദ്ദാക്കിയതെന്ന് കമീഷൻ അറിയിച്ചു.
2026ലെ ഡ്രഗ് ഇൻസ്പെക്ടർ ഗ്രൂപ്പ്-ബി സ്ക്രീനിങ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് മഹാരാഷ്ട്ര പി.എസ്.സി ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട നിയമന നടപടികളാണ് മഹാരാഷ്ട്ര പി.എസ്.സി പിന്നീട് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

