‘നിഷു, ഞാൻ നിനക്കൊപ്പമുണ്ട്’; ദലിത് വിദ്യാർഥിനിക്ക് പിന്തുണയുമായി രാഹുൽ, പ്രതികളെ സംരക്ഷിക്കുകയാണോ എന്ന് മോദിയോടും അമിത് ഷായോടും ചോദ്യം
text_fieldsരാഹുൽ ഗാന്ധി, നിഷു ആസാദ്
ന്യൂഡൽഹി: പിതാവിനെ ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് നടപടി വൈകുന്നതായി ആരോപിച്ച ദലിത് വിദ്യാർഥിനി നിഷു ആസാദിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേസിലെ പ്രതിക്ക് സംരക്ഷണം ലഭിക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും രാഹുൽ ഗാന്ധി ചോദിച്ചു.
ജൂൺ 23ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് നിഷുവിന്റെ പിതാവ് സഞ്ജയ് കുമാറിന് തലക്ക് പരിക്കേറ്റത്. സ്വതന്ത്ര ഭരദ്വാജ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും ഒന്നര മാസത്തിലേറെയായി പ്രതിക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നിഷുവിന്റെ ആരോപണം. ജൂലൈയിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ നിഷു രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയിരുന്നു.
ഇതിന് പിന്നാലെ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി നിഷുവിന് പിന്തുണ അറിയിച്ചത്. വിദ്യാർഥികളുടെയും സ്വന്തം സമുദായത്തിന്റെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിനാലാണ് നിഷു ലക്ഷ്യമിടപ്പെടുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും താൻ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പ്രതികളിലൊരാളായ സ്വതന്ത്ര ഭരദ്വാജിന്റേതെന്ന് അവകാശപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിഷുവിന്റെ പിതാവിന്റെ തലക്ക് പരിക്കേൽപ്പിച്ചതായും സംഭവത്തിൽ സെക്ഷൻ 307 ചുമത്തേണ്ടതായിരുന്നെന്നും വിഡിയോയിൽ ഭരദ്വാജ് പറയുന്നതായി ആരോപണമുണ്ട്. ഡൽഹി മന്ത്രി കപിൽ മിശ്രയുടെ ഫോൺവിളി തനിക്ക് ജയിലിൽ പോകാതിരിക്കാൻ സഹായിച്ചെന്നും വിഡിയോയിൽ പറയുന്നു.
എന്നാൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു. സംഘർഷത്തിനിടെ ലോഹക്കടയിൽനിന്നാണ് സഞ്ജയ് കുമാറിന് തലക്ക് പരിക്കേറ്റതെന്നും മെഡിക്കൽ റിപ്പോർട്ട് പ്രകാരം പരിക്ക് നിസാരമാണെന്നും പൊലീസ് അറിയിച്ചു. തലയോട്ടിക്ക് പൊട്ടലുണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി.
സ്വതന്ത്ര ഭരദ്വാജിനെയും സൂരജ് കുമാറിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും ഇരുവർക്കും നിയമാനുസൃത നോട്ടീസ് നൽകിയതായും കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ പിന്തുണ ലഭിച്ചതിൽ പ്രതീക്ഷയുണ്ടെന്നും പിതാവിന് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നിഷു പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

