''ചൈന ഇന്ത്യയുടെ ഭൂമിയെടുത്തെന്ന് മോഹൻ ഭഗവതിനറിയാം, പക്ഷേ പറയാൻ ഭയം''
text_fieldsന്യൂഡൽഹി: ചൈന ഇന്ത്യയുടെ ഭൂമിയെടുത്തെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനറിയാമെന്നും അത് പറയാൻ ഭയമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഹൻ ഭഗവത് ഇന്ന് നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് രാഹുലിെൻറ വിമർശനം.
''ഉള്ളിെൻറ ഉള്ളിൽ മോഹൻ ഭാഗവതിന് സത്യമറിയാം. പക്ഷേ അദ്ദേഹത്തിന് അത് പറയാൻ പേടിയാണ്.
ചൈന ഇന്ത്യൻ ഭൂമി എടുത്തുവെന്നത് സത്യമാണ്. ഇന്ത്യൻ സർക്കാറും ആർ.എസ്.എസും ആണതിന് അനുവാദം നൽകിയത്''-രാഹുൽ ട്വീറ്റ് ചെയ്തു.
ചൈന ഇന്ത്യൻ അതിർത്തി എങ്ങനെയാണ് കൈയ്യേറിയതെന്നും കയ്യേറിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനറിയാമെന്ന് മോഹൻ ഭഗവത് പരാമർശിച്ചിരുന്നു. അവരുടെ കടന്നുകയറ്റ മനോഭവത്തിനെക്കുറിച്ച് എല്ലാവരും ബോധവാൻമാരാണ്. ഇന്ത്യയോടൊപ്പം തായ്വാൻ, വിയറ്റ്നാം, അമേരിക്ക എന്നീ രാജ്യങ്ങളുമായം അവർ സംഘർഷത്തിൽ ഏർപ്പെട്ടു. പക്ഷേ ഇന്ത്യയുടെ പ്രതികരണം ചൈനയെ തളർത്തിയെന്നും ഭഗവത് കൂട്ടിച്ചേർത്തിരുന്നു.

